ചാത്തന്നൂർ: ജീവിതത്തോട് മല്ലിട്ട് യാതനകൾക്കും വേദനകൾക്കും നടുവിൽ ഒരു നിർദ്ധന കുടുംബം.ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡിൽ ഉളിയനാട് വയലിൽവീട്ടിൽ നിത്യരോഗിയായി കിടപ്പിലായ മണികണ്ഠനും ഊമയും ബധിരയുമായ മകൾ ദേവുവും ഉൾപ്പെടുന്ന കുടുംബമാണ് അടച്ചുറപ്പ് ഇല്ലാത്ത ഒറ്റമുറി വീട്ടിൽ നിത്യവൃത്തിക്കുപോലും മർഗമില്ലാതെ വലയുന്നത്. സുജാതയ്ക്ക് തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിക്കുന്ന ഏക വരുമാനമാണ് ആശ്രയമെങ്കിലും അതിനു പോകാൻ പറ്റാത്ത സാഹചര്യം.പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും പറ്റാത്ത ഭർത്താവും പ്രായ പൂർത്തിയായ രണ്ടു പെൺമക്കളുമാണ് വീട്ടിലുള്ളത്.ഊമയും ബധിരയുമായ ദേവുവും,ഇളയ മകൾ ദേവികയും
പ്ലസ്‌ട് ടു ഉന്നത മാർക്കുവാങ്ങി പാസ്സായെങ്കിലും മക്കളുടെ ചിരകാല അഭിലാഷമായ ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ല.കൂട്ടുകാരികൾ കോളേജ് പഠനത്തിന് പോയപ്പോൾ അച്ഛന്റെ ചികിത്സയ്ക്കു പോലും വകയില്ലാതെ സങ്കടമൊതുക്കി ഒറ്റമുറി വീട്ടിൽ ഒതുങ്ങുകയാണ് ഈ സഹോദരിമാർ.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മണികണ്ഠൻ ന്യുമോണിയ ബാധിതനായി ചികിത്സയിൽ ഇരിക്കെ കരൾ രോഗവും പിടിപെട്ടു. കാഴ്ച ശക്തിയും കുറഞ്ഞു. അതോടെ ജോലിക്കു പോകാനാകാതെ ഒറ്റമുറി വീട്ടിൽ കിടപ്പിലായി. വീട്ടിലേക്കുള്ള വഴി വെള്ളക്കെട്ടായതോടെ മണികണ്ഠനെ അമ്മയും മക്കളും എടുത്തുകൊണ്ടാണ് ഇരുന്നൂറു മീറ്ററോളം വഴിതാണ്ടി ഓരോ തവണയും ആശുപത്രിയിൽ കൊണ്ടുപോകുന്നത്.
ഈ കുടുംബത്തിന് 2015-16 സാമ്പത്തിക വർഷത്തിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഒന്നാം പേരായി ഉൾപ്പെടുത്തി വീട് അനുവദിച്ചെങ്കിലും സ്വന്തം വിഹിതമായി മുടക്കേണ്ട തുക ഇല്ലാത്തതിനാൽ ആ വീട് നഷ്ടപ്പെട്ടു. മക്കളുടെ തുടർ വിദ്യാഭ്യാസത്തിനും അടച്ചുറപ്പുള്ള ഒരു ചെറിയ വീടിനുമായി സന്മനസുള്ളവരുടെ കാരുണ്യത്തിനായി കേഴുകയാണ് ഈ ദമ്പതികൾ.