കൊല്ലം: ഹൃദയാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ സർക്കാർ നേതൃത്വത്തിൽ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. കെ.പി. മാർക്കോസ് പറഞ്ഞു.
കൊല്ലം ഹോട്ടൽ ഓൾ സീസണിൽ നടന്ന കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്ന് കോടി ഹൃദ്രോഗികളാണ് ഇന്ത്യയിലുള്ളത്. ലോകത്ത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ 60 ശതമാനമാണിത്. ഹൃദയസ്തംഭന കേസുകളിൽ 40 ശതമാനവും ഇവിടെയാണ്. കൂടതെ100 ൽ 10 കുട്ടികൾക്ക് ഹൃദ്രോഗമുണ്ട്. രോഗവ്യാപനത്തിൽ കേരളം ഇപ്പോഴും മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള ആധുനിക ചികിത്സകൾ സാമ്പത്തിക ആശങ്കയില്ലാതെ പൊതു-സ്വകാര്യ ആശുപത്രികൾ വഴി എല്ലാവർക്കും ലഭ്യമാക്കുന്ന ഇൻഷ്വറൻസ് പദ്ധതികളാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ നേരത്തേ തിരിച്ചറിയാൻ രോഗികളെ സഹായിക്കുന്ന പ്രചാരണ പരിപാടികൾ സംബന്ധിച്ച് ഓർഗനൈൈസിംഗ് സെക്രട്ടറി ഡോ. സുജയ് രംഗ സംസാരിച്ചു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. എൻ. ശ്യാം, കോവൈ മെഡിക്കൽ സെന്റർ സീനിയർ കൺസൾട്ടന്റും ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. തോമസ് അലക്സാണ്ടർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. സി.ജി. സജീവ്, ഡോ. പി.പി. മോഹനൻ, ഡോ. സി.പി. കരുണദാസ് എന്നിവർ സംസാരിച്ചു. മുന്നൂറിലധികം കാർഡിയോളജി വിദഗ്ദ്ധരും, പ്രഭാഷകരും, ഫാക്കൽറ്റികളും, ശാസ്ത്രജ്ഞരും, ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു.