കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിന്റെ പൊതുജന സേവനമികവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ജില്ലയിലെ ഏറ്റവും മികച്ച താലൂക്ക് സപ്ലൈ ഓഫീസിനുള്ള പുരസ്കാരം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനിൽ നിന്ന് താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ. സെയ്ഫ് ഏറ്റുവാങ്ങി. പരാതിരഹിത റേഷൻ വിതരണവും ഭക്ഷ്യ ഭദ്രത നിയമത്തിന്റെ സമഗ്രമായ നടത്തിപ്പും ഉൾപ്പെടെ നിരവധി കാര്യങ്ങൾ റേഷനിംഗ് കൺട്രോളർ മീന, വിജിലൻസ് ഓഫീസർ ഹരിപ്രസാദ് , ജില്ല സപ്ലൈ ഓഫീസർ ആർ. അനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. റേഷൻ കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റിയതും റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കിയതും മറ്റ് സേവനങ്ങളുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
ഇവ താലൂക്ക് സപ്ലൈ ഓഫീസിന്റെ നേട്ടങ്ങൾ
01. 32000 ലധികം അനർഹരായ റേഷൻകാർഡുകൾ കണ്ടെത്തി
02. ഇവരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റി
03. 70000 ഓളം റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ തീർപ്പാക്കി
04. 2018 മുതൽ തത്സമയം റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നു
05. പൊതുജനങ്ങളോടുള്ള സൗഹാർദപൂർണമായ ഇടപെടൽ
06. ദുർബല വിഭാഗങ്ങൾക്ക് മുൻഗണന കാർഡുകൾ നൽകുന്നതിൽ ജാഗ്രത
07. അർഹതയില്ലാതെ റേഷൻ വാങ്ങിയവരിൽ നിന്ന് പിഴത്തുക ഈടാക്കുന്നു
സമ്പൂർണ കടലാസ് രഹിത ഇ ഓഫീസ് ആയി കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിനെ മാറ്റാൻ സഹായിച്ച ഉന്നത ഉദ്യോഗസ്ഥർക്കും സമയക്രമം നോക്കാതെ ജോലി ചെയ്യാൻ തയ്യാറുള്ള സഹപ്രവർത്തകർക്കും കൊട്ടാരക്കര താലൂക്കിലെ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ വ്യാപാരികൾക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു
എസ്.എ. സെയ്ഫ്, താലൂക്ക് സപ്ളൈസ് ഓഫീസർ