ksrtc
അനില്‍കുമാർ(52)

പത്തനാപുരം; കെ.എസ്.ആർ.ടി.സി ഡ്രൈവറെ യാത്രക്കാരിയും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവറായ അഞ്ചൽ നെടിയറ എ.ജെ ഹൗസിൽ അനിൽകുമാറിനാണ് (52) മർദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ അനിൽകുമാർ പത്തനാപുരം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.30 ഓടെ മാങ്കോട് പൂമരുതിക്കുഴിയിലാണ് സംഭവം. പത്തനാപുരത്തേക്ക് വരാനായി ബസ് മുന്നോട്ടെടുത്തപ്പോൾ പിൻവാതിലിലൂടെ ചാടിക്കയറിയ യാത്രക്കാരി റോഡിൽ വീണു. ഉടൻ തന്നെ വനിതാ കണ്ടക്ടർ ബെല്ലടിച്ച് ബസ് നിറുത്തിച്ചു. തുടർന്ന് ബസിൽ കയറിയ യാത്രക്കാരി അസഭ്യം വിളിച്ചു കൊണ്ട് ഡ്രൈവറെ ബാഗുകൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് വഴിയിലുടനീളം ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിവർ ബസ് തടഞ്ഞ് നിറുത്തിയും ഡ്രൈവറെ മർദ്ദിച്ചു. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവർക്കെതിരെ യാത്രക്കാരിയും കൂടൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.