പുനലൂർ: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ അമ്പനാട് അരണ്ടർ എസ്റ്റേറ്റിലെ കുഴിയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയെ വനപാലകർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എസ്റ്റേറ്റിൽ തേയില നുള്ളാൻ എത്തിയ സ്ത്രീ തൊഴിലാളികളാണ് എസ്റ്റേറ്റിലൂടെ കടന്നു പോകുന്ന തോട്ടിലെ കുഴിയിൽ 2 മാസം പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടിയെ കണ്ടത്. തൊഴിലാളികൾ വനപാലകരെ വിവരം അറിയിച്ചു. തെന്മല ഡി.എഫ്.ഒ സുനിൽ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനപാലകർ കാട്ടാനക്കുട്ടിയെ തോട്ടിലെ കുഴിയിൽ നിന്നും കരയ്ക്കെത്തിച്ചു. ശരീരത്താകെ പരിക്കേറ്റ കാട്ടാനക്കുട്ടിയെ ചികിത്സിക്കാൻ ' മൂന്ന് മൃഗഡോക്ടർമാർ സ്ഥലത്തെത്തി. ഉൾവനത്തിൽ നിന്ന് കൂട്ടം തെറ്റി വന്ന കുട്ടിയാനയെ വനത്തിൽ കയറ്റി വിടാൻ കഴിയാതെ വന്നാൽ ഇന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിക്കാനാണ് ആലോചന.
അമ്മയെ തേടി....
പരിചരണം നൽകിയ ശേഷം ഉൾവനത്തിൽ കയറ്റി വിടാനുള്ള ശ്രമം രാത്രി വൈകിയും നടന്നു വരുയാണ്. സംഭവസ്ഥലത്ത് രാത്രി 9.30 നും ഡി.എഫ്.ഒ യുടെ നേതൃത്വത്തിൽ വനപാലകരും ,മൃഗഡോക്ടർമാരും ക്യാമ്പ് ചെയ്യുകയാണ്. തള്ളയാനയെത്തി കുട്ടിയാനെയെ കൂട്ടി ക്കൊണ്ടു പോകുമെന്ന നിഗമനത്തിലാണ് വനപാലകർ സംഭവസ്ഥലത്ത് രാത്രി വൈകിയും ക്യാമ്പു ചെയ്യുന്നത്.