നാട്ടുകാർ ഭീതിയിൽ
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ തെരുവുനായ്ക്കളുടെ ശല്യം പെരുകുന്നു. താലൂക്കിന്റെ മിക്ക പ്രദേശങ്ങളിലും സന്ധ്യമയങ്ങിയാൽ കൂട്ടംകൂടിയെത്തുന്ന തെരുവുനായ്ക്കൾ വ്യാപകമാണ്. കൊട്ടാരക്കരയിലെ പല വ്യവസായ സ്ഥപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഉൾപ്പടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെ തെരുവുനായ്ക്കളെ ഒഴിപ്പിച്ച ശേഷം ഒാഫീസ് തുറക്കേണ്ട ഗതികേടിലാണ് ഉദ്യാഗസ്ഥർ.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഫുട് ഓവർ ബ്രിഡ്ജും പ്ളാറ്റ്ഫോമും ഇവരുടെ സങ്കേതമാണ്. രാത്രി പന്ത്രണ്ടരയ്ക്കുള്ള പാലക്കാട് എക്സ് പ്രസിലും പുലർച്ചെ മൂന്നരക്കുള്ള പാലരുവി എക്സ് പ്രസിലും യാത്ര ചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ഏറ്റവും വലിയ പേടിയാണ് തെരുവു നായ്ക്കളുടെ ആക്രമണം.
സൂക്ഷിക്കുക
കൊട്ടാരക്കര ടൗണും പബ്ളിക് മാർക്കറ്റും നിറയെ തെരുവു നായ്ക്കളാണ്. ഇതിന് പുറമേ മാർക്കറ്റ് ജംഗ്ഷൻ, പുലമൺ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റേഷൻ പരിസരം, മുസ്ളിം സ്ട്രീറ്റ്, പള്ളിക്കൽ, തൃക്കണ്ണമംഗൽ ഇ.ടി.സി ജംഗ്ഷൻ, കോടതി വളപ്പ്, ചേരൂർ ഭാഗം, അമ്പലപ്പുറം, ഗവ. ബോയ്സ് ഹൈസ്കൂൾ വളപ്പ്, മിനി സിവിൽ സ്റ്റേഷനു സമീപം, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, സ്റ്റേഷൻ പരിസരം തുടങ്ങി മിക്ക പ്രദേശങ്ങളും തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുകയാണ്.
പ്രദേശവാസികളുടെ ആവശ്യം
ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് പിടികൂടി വന്ധ്യംകരണം നടത്തിയ നായ്ക്കളെ രാത്രികാലങ്ങളിൽ കൊട്ടാരക്കര ടൗണിൽ ലോറികളിലും മറ്റു വാഹനങ്ങളിലും കൊണ്ടുവന്ന് ഇറക്കി വിടുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പൊതുജനങ്ങൾക്കും സ്കൂളുകളിലേക്കു പോകുന്ന കുരുന്നുകൾക്കും ഭീഷണിയാകുന്ന തെരുവു നായ്ക്കളുടെ ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.