മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല
കൊല്ലം: കൊട്ടിയം ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും മാലിന്യക്കൂനകൾ വ്യാപകമാകുന്നു. കൊട്ടിയം ജംഗ്ഷനോട് ചേർന്നുള്ള ഇടറോഡുകളിലെല്ലാം ചാക്കുകളിലാക്കി തള്ളുന്ന മാലിന്യം ചീഞ്ഞഴുകി അസഹ്യമായ ദുർഗന്ധം കാരണം യാത്രക്കാർക്ക് സഞ്ചരിക്കാൻ പോലുമാകാത്ത സ്ഥിതിയാണ്.
കൊട്ടിയം ഇ.എസ്.ഐ ആശുപത്രി പരിസരം, ചിറ ഗ്രൗണ്ട്, ഹോളിക്രോസ് ആശുപത്രി റോഡ് തുടങ്ങിയ ഇടങ്ങളിൽ മാലിന്യക്കൂനകളുടെ എണ്ണവും ഉയരവും ദിനംപ്രതി കൂടുകയാണ്. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യവുമാണ് പ്രധാനമായും പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നത്. വീടുകളിൽ നിന്നുള്ള മാലിന്യവും ചെറിയ കവറുകളിലാക്കി റോഡ് വക്കിൽ ഉപേക്ഷിക്കുന്നുണ്ട്. വീടുകളിലും കച്ചവട സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യശേഖരണം നിലച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്.
കൺതുറക്കാതെ അധികൃതർ
കൊട്ടിയം, തൃക്കോവിൽവട്ടം, മയ്യനാട് പഞ്ചായത്തുകളുടെ പരിധിയിലാണ് കൊട്ടിയം ജംഗ്ഷൻ. അജൈവ മാലിന്യം ശേഖരിക്കാൻ മൂന്ന് പഞ്ചായത്തുകളും ഹരിതകർമ്മസേന രൂപീകരിച്ചെങ്കിലും കൊട്ടിയം ജംഗ്ഷനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം അവതാളത്തിലാണ്.
ഇടറോഡുകളിലെ സ്ഥിതിയാണ് ഏറെ കഷ്ടം. റോഡ് വക്കുകളിൽ നിറയെ മാലിന്യം നിറച്ച ചാക്കുകളാണ്. ഈ ചാക്കുകളിലെ മാലിന്യം ചീഞ്ഞഴുകി പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതിനൊപ്പം തെരുവ് നായകളുടെ ശല്യവും രൂക്ഷമാവുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും വാഹനങ്ങളിലെത്തിയാണ് ഇവിടങ്ങളിൽ മാലിന്യം തള്ളുന്നത്.
മാലിന്യ നിക്ഷേപകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പൊലീസിനെയും പഞ്ചായത്തിനെയും സമീപിച്ചെങ്കിലും യാതൊരു ഇടപെടലും ഉണ്ടായില്ല. നാട്ടുകാർ സംഘടിച്ചാണ് വാഹനങ്ങളിൽ മാലിന്യവുമായി എത്തുന്നവരെ ഇപ്പോൾ പിടികൂടുന്നത്.
'' കൊട്ടിയം ഹോളിക്രോസ് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച് മയ്യനാട് റോഡിൽ എത്തുന്ന ഇടറോഡിൽ സ്ഥിരമായി മാലിന്യം തള്ളുന്ന സംഘത്തെ നാട്ടുകാർ സംഘടിച്ചാണ് കഴിഞ്ഞദിവസം പിടികൂടിയത്. ഈ റോഡിലൂടെ സഞ്ചരിക്കാനാകാത്ത വിധം അറവുമാലിന്യവും ഹോട്ടൽ അവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്. വിദ്യാർത്ഥികളടക്കം നൂറ് കണക്കിന് പേർ സ്ഥിരമായി സഞ്ചരിക്കുന്ന റോഡാണിത്. നാട്ടുകാർ സംഘടിച്ച് കർമ്മസേന രൂപീകരിച്ചാണ് മാലിന്യം തള്ളുന്നവരെ ഇപ്പോൾ പിടികൂടുന്നത്. ഇത്തരം സംഘങ്ങളെ പിടികൂടാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം. അതിനൊപ്പം മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകണം.''
എൽ. ഷാജി (വൈസ് പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി, കൊട്ടിയം യൂണിറ്റ്)
'' കളക്ടറുടെ സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിക്കാനും പൊതുസ്ഥലങ്ങളിൽ തള്ളുന്നവരെ പിടികൂടാനും മയ്യനാട് പഞ്ചായത്ത് 23 വാർഡുകളിലുള്ളവരെ ഉൾപ്പെടുത്തി 1000 പേരടങ്ങുന്ന വാളന്റിയർ സംഘം രൂപീകരിച്ചിട്ടുണ്ട്. ഒരു വാർഡിൽ നിന്ന് കുറഞ്ഞത് 60 പേരെങ്കിലും ഈ സംഘത്തിലുണ്ട്. സംഘത്തിന്റെ പ്രവർത്തനം വ്യാപകമാകുന്നതോടെ മാലിന്യപ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകും. മാലിന്യസംസ്കരണത്തിൽ മാതൃകയായി മാറാനാണ് മയ്യനാട് പഞ്ചായത്തിന്റെ ശ്രമം.'' യു. ഉമേഷ് (മയ്യനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ)