പൊതുവിതരണ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
കൊല്ലം: കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് വിഭജനം എന്ന സ്വപ്നത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. കൊല്ലത്ത് സിറ്റി റേഷനിംഗ് ഓഫീസും ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് സപ്ലൈ ഓഫീസും ആരംഭിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുവിതരണ വകുപ്പ് മന്ത്രി പൊതുവിതരണ ഡയറക്ടറോട് റിപ്പോർട്ട് തേടി.
സംസ്ഥാനത്ത് ഏറ്റവുമധികം റേഷൻ കാർഡുകളും റേഷൻ കടകളുമുള്ളത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണ്. ജില്ലയിൽ ആകെ 7,38,751 റേഷൻ ഗുണഭോക്താക്കളും 1,419 റേഷൻ കടകളുമാണുള്ളത്. ഇതിൽ 2,65,856 കാർഡുകളും 422 കടകളും കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലാണ്. കരുനാഗപ്പള്ളി, കൊട്ടാരക്കര താലൂക്കുകളിൽ കൊല്ലത്തേതിന്റെ പകുതി കാർഡുകൾ മാത്രമാണുള്ളത്. കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിൽ കൊല്ലത്തുള്ളതിന്റെ നാലിലൊന്ന് കാർഡുകളേയുള്ളു. ഗുണഭോക്താക്കളുടെയും കടകളുടെയും എണ്ണത്തിലെ ആധിക്യം കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ രണ്ട് സിറ്റി റേഷനിംഗ് ഓഫീസുകളുണ്ട്. എന്നാൽ കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി 19 വർഷത്തോളമായിട്ടും സിറ്റി റേഷനിംഗ് ഓഫീസ് സ്ഥാപിക്കാനുള്ള നടപടികൾ ഫയലിൽ കുടുങ്ങുകയായിരുന്നു. പുതിയ ഓഫീസ് രൂപീകരിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതയും സപ്ലൈ ഓഫീസ് വിഭജനം എന്ന സ്വപ്നത്തെ തളർത്തി. ഇപ്പോൾ വിവിധ ഉപഭോക്തൃസംഘടനകളുടെ സമ്മർദ്ദം ശക്തമായതോടെയാണ് സർക്കാർ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസ് വിഭജിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിലെ ആകെ
റേഷൻ കാർഡുകൾ: 7,38,751
റേഷൻ കടകൾ: 1,419
കൊല്ലം താലൂക്കിൽ
റേഷൻ കാർഡുകൾ: 2,65,856
റേഷൻ കടകൾ: 422