photo
വെള്ളക്കെട്ടായി മാറിയ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പ്

കരുനാഗപ്പള്ളി: ജീവനക്കാർക്ക് ദുരിതം സമ്മാനിച്ച് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പിന് മുന്നിലെ വെള്ളക്കെട്ട്. ഇടയ്ക്കിടെ ശക്തമായി പെയ്യുന്ന മഴയാണ് സ്ഥിതി ഏറെ വഷളാക്കുന്നത്. നാല് മാസമായി ഈ ദുരിതവും പേറിയാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. മലിനജലത്തിൽ നിന്നുയരുന്ന ദുർഗന്ധവും കൊതുക് ശല്യവുമാണ് ഇവറെ ഏറെ വലയ്ക്കുന്നത്. യാത്രക്കാരും ഇതുകാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം താഴ്ന്ന പ്രദേശമായതിനാൽ നാലുഭാഗത്തു നിന്നുള്ള മഴവെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. മുമ്പൊക്കെ വെള്ളം ഒഴുകിക്കൊണ്ടിരുന്ന നീർച്ചാലുകൾ മൂടിയതോടെയാണ് നീരൊഴുക്ക് നിലച്ചത്.

വർക്ക്ഷോപ്പിനോട് ചേർന്ന് കിടക്കുന്ന 5 ഓളം വീടുകളും വെള്ളക്കെട്ടിന്റെ നടുവിലാണ്.

ഡിപ്പോയിലെ ബസുകളുടെ ചെറിയ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് വർക്ക് ഷോപ്പിന് പുറത്തുവച്ചാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇതിന് സാധിക്കാത്ത അവസ്ഥയാണ്.

വലിയ അറ്റകുറ്റപ്പണികൾക്കായി എത്തുന്ന വാഹനങ്ങൾ മാത്രമാണ് വർക്ക് ഷോപ്പിനുള്ളിലിട്ട് പണിയുന്നത്. ഒരേ സമയം 10 ബസുകൾക്ക് മാത്രമാണ് ഇതിനുള്ള സൗകര്യം. 72 ബസുകളാണ് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നത്. രാത്രിയിൽ സർവീസ് കഴിഞ്ഞെത്തുന്ന എല്ലാ ബസുകളും വർക്ക് ഷോപ്പിൽ പരിശോധന നടത്തിയ ശേഷമാണ് പിറ്റേന്ന് വീണ്ടും യാത്ര പുനരാരംഭിക്കുന്നത്.

വർക്ക്ഷോപ്പിന്റെ പരിസരം വെള്ളക്കെട്ടായതോടെ ഇതിന് സാധിക്കുന്നില്ല. ഇതോടെ ഡിപ്പോയ്ക്ക് സമീപമാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് വർക്ക്ഷോപ്പിലെ ജീവനക്കാരാണ്. ഇതിനൊരു പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം.

വർക്ക്ഷോപ്പിനോട് ചേർന്നുള്ള വെള്ളകെട്ട് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന സ്ഥലം ഗ്രാവലും മെറ്റലും നിരത്തി ഉയർത്തിയ ശേഷം ടാർ ചെയ്താൽ നിലവിലുള്ള വെള്ളക്കെട്ടിന് പരിഹാരമാകും.

ജീവനക്കാർ