പത്തനാപുരം: വിളക്കുടി പഞ്ചായത്തിലെ ഇരുപത് വാർഡുകളിലെ ബി.പി.എൽ കുടുംബങ്ങൾക്ക് വിതരണത്തിനായി ഗുണനിലവാരമില്ലാത്ത ഇരുനൂറ്റി നാൽപ്പത് കട്ടിലുകൾ വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വിളക്കുടി വെസ്റ്റ്-ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കട്ടിലുമായി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. കുന്നിക്കോട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു.
എസ്. സലീം അദ്ധ്യക്ഷത വഹിച്ചു. തലവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ. ഷാജഹാൻ, പാർലമെന്ററി പാർട്ടി ലീഡർ കുന്നിക്കോട് ഷാജഹാൻ, കാര്യറ എസ്. നാസറുദ്ദീൻ,അബ്ദുൽ മജീദ്, എച്ച്. അനീഷ് ഖാൻ, ഷാഹുൽ കുന്നിക്കോട്, വി. മുഹമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ. ജ്യോതി,ബിജു ആലുവിള, ആശാ ബിജു, ഫാത്തിമ ബീവി, ലീന റാണി, ഗീത, എന്നിവർ പ്രസംഗിച്ചു. വി.എസ്. വിനോദ്, നസീർ വിളക്കുടി, എം. നിസാമുദ്ദീൻ, അനിൽകുമാർ, അദബിയ നാസർ, സലാഹുദ്ദീൻ, സജീദ്, ഐസക്ക് എന്നിവർ നേതൃത്വം നൽകി.