എഴുകോൺ: ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസിലെ സി.സി.ടി.വി കാമറകൾ മോഷണം പോയ സംഭവത്തിൽ ഒരാളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാകോട് രക്ഷാസൈന്യം പള്ളിക്ക് സമിപം വിവേക് നിവാസിൽ വിദൂനാണ് (19) അറസ്റ്റിലായത്.
കഴിഞ്ഞ 29ന് വെളുപ്പിന് 2.30 ഓടെയാണ് രണ്ട് മോഷ്ടാക്കൾ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഒന്നും ഹൈസ്കൂളിൽ നിന്ന് രണ്ടും കാമറകൾ നിലത്ത് നിന്ന് വടികൊണ്ട് അടിച്ച് ഇളക്കി കൊണ്ട് പോയത്. 30ന് രാവിലെ സി.സി.ടി.വി മോണിറ്ററിൽ കാമറകൾ കാണിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കളുടെ ചിത്രങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സ്കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്ന് എഴുകോൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന്റെ സമീപത്ത് നിന്നാണ് വിദുനെ പിടികൂടിയത്.
എഴുകോൺ സി.ഐ ശിവപ്രസാദിന്റെ നേതൃത്വത്തിൽ ക്രൈം എസ്.ഐ രവികുമാർ, എസ്.സി.പി.ഒ ജേക്കബ്, ഷെർലി, അജിത്ത്, സി.പി.എം ഗണേശൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.