moideen

കൊല്ലം: സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൊല്ലം നഗരസഭയിലെ ഇ- ഗവേണൻസ്, ജി.ഐ.എസ് മാപ്പിംഗ്, ഭവനനിർമ്മാണ പദ്ധതി ഗുണഭോക്താക്കൾക്കുള്ള അധിക സഹായ വിതരണം, കോർപ്പറേഷൻ വളപ്പിലെ പാർക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ ബില്ലുകൾ കൂട്ടത്തോടെ ട്രഷറിയിൽ എത്തിക്കുന്ന സ്ഥിതി മാറ്റണം. ബില്ലുകൾ ഘട്ടംഘട്ടമായി മാറിനൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. നിയമങ്ങളും ചട്ടങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കാതിരിക്കാനാണ്. അല്ലാതെ വ്യാഖ്യാനിച്ച് ജനങ്ങൾക്കെതിരാക്കാനല്ല. ഫയലുകളിലൂടെ മാത്രം ആശയവിനിമയം നടത്തുന്ന രീതിയും ഉദ്യോഗസ്ഥർ മാറ്റണം. കസേരയിൽ നിന്നെണീറ്റ് അടുത്ത ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോയി കാര്യങ്ങൾ ചർച്ച ചെയ്യണം. ഇങ്ങനെയുണ്ടായാൽ ജനങ്ങളുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ ഏകോപനം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

മേയർ വി.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി എ.എസ്. അനുജ റിപ്പോർട്ടവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, ഗീതാകുമാരി, ചിന്ത.എൽ. സജിത്ത്, വി.എസ്. പ്രിയദ‌ർശൻ, ടി.ആർ. സന്തോഷ്, ഷീബ ആന്റണി, കൗൺസിലർ റീന സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.