കുണ്ടറ: കാറിൽ ബൈയ്ക്ക് തട്ടിയെന്നാരോപിച്ച ബൈക്ക് യാത്രക്കാരായ ദമ്പതികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ മൂന്ന് പേർ പിടിയിലായി. കുമ്പളം സ്വദേശികളായ ജൊജൊ സദനത്തിൽ ജോഷി (35), ആശാ ഭവനിൽ ജോബിൻ (29), കുന്നത്ത് തൊടിയിൽ വീട്ടിൽ ബിജു (45) എന്നിവരെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ കച്ചേരിമുക്കിലാണ് സംഭവം. പ്രതികളുടെ കാറിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഉരസിയെന്നാരോപിച്ചാണ് ഇവരെ മർദ്ദിക്കുകയായിരുന്നു. ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ എത്തിയ യുവതിയെ പ്രതികൾ താക്കോൽ കൂട്ടം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര എസ്.ഐ ബിജു, എസ്.ഐമാരായ വിദ്യാധിരാജ്, ബിജു പി. കോശി, സി.പി.ഒ യഹിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.