ഭരണാനുകൂല സംഘടനാ പ്രവർത്തകരും പണിമുടക്കി
ചടയമംഗലം ഡിപ്പോയിൽ മുഴുവൻ സർവീസും മുടങ്ങി
കൊല്ലം: ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി അനുകൂല സംഘടനയായ ടി.ഡി.എഫ് നടത്തിയ പണിമുടക്ക് സമരത്തിൽ ഭരണാനുകൂല സംഘടനാ പ്രവർത്തകരും പങ്കെടുത്തതോടെ ജില്ലയിൽ പകുതിയിലേറെ സർവീസുകൾ മുടങ്ങി. ജില്ലയിൽ 674 ഷെഡ്യൂളുകളാണ് ആകെയുള്ളത്. 263 എണ്ണം മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്. കൊല്ലം ഡിപ്പോയിൽ 110 ഷെഡ്യൂളുകളുണ്ടെങ്കിലും എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതിനുശേഷം ശരാശരി 97 സർവീസുകൾ മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ ഇന്നലെ 9 സർവീസുകളേ അയച്ചുള്ളു. ചടയമംഗലം ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും ഓപ്പറേറ്റ് ചെയ്യാനായില്ല. ടി.ഡി.എഫിന്റെ സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചല്ല തങ്ങളുടെ അംഗങ്ങൾ ജോലിക്ക് എത്താതിരുന്നതെന്നും ടിക്കറ്റ് മെഷീനുകൾ ഉപയോഗിക്കാനാകാത്തതിൽ പ്രതിഷേധിച്ചാണ് ഡ്യൂട്ടിയിൽ നിന്നും വിട്ടുനിന്നതെന്നും ഇടത് അനുകൂല സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.
ഇന്നലെ നിരത്തിലിറങ്ങിയ ബസുകളിലെല്ലാം വൻതിരക്കായിരുന്നു. തിങ്ങി ഞെരുങ്ങിയാണ് യാത്രക്കാർ സഞ്ചരിച്ചത്.
ഡിപ്പോ, ഷെഡ്യൂൾ, നടത്തിയ സർവീസ്
ആര്യങ്കാവ്: 22 8
ചടയമംഗലം: 73 0
ചാത്തന്നൂർ: 69 37
കൊല്ലം: 110 9
കരുനാഗപ്പള്ളി: 102 43
കുളത്തൂപ്പുഴ: 42 34
കൊട്ടാരക്കര: 135 47
പുനലൂർ: 67 38
പത്തനാപുരം: 54 47