blok
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗശുപത്രീ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മരുന്നുകളടങ്ങിയ കിറ്റ് വിതരണം ചെയ്ത് നിർവഹിക്കുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതിയുടെ ഉദ്ഘാടനം ചിറക്കര ഇടവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. ക്ഷീര സംഘം പ്രസിഡന്റ് സുരേഷ് സ്വാഗതം പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീര സംഘങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ക്ഷീര കർഷകർക്ക് ആവശ്യമായ മരുന്നുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മായാ സുരേഷ്, ജയലക്ഷ്മി. ആശാദേവി, ഡി. ഗിരികുമാർ, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

മധുസൂദനൻ പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം രജിത രാജന്ദ്രൻ എന്നിവർ സംസാരിച്ചു.

വെറ്ററിനറി സർജൻ ഡോ. ആർ. അനുപമ പദ്ധതി വിശദീകരണം നടത്തി. ഡയറി എക്സ്റ്റൻഷൻ ഓഫീസർ പ്രിൻസി ജോൺ ക്ഷീര വികസന വകുപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.