saradha

കൊല്ലം: 'കേരളത്തിന്റെ ഉൾനാടുകളും കടലോരവും നാട്ടുകാരും എനിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പഴയ കേരളമാണ് എനിയ്ക്കിഷ്ടം" മലയാള സിനിമയിലെ ദുഃഖപുത്രിയെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട പ്രിയനടി ശാരദ ഇതു പറയുമ്പോൾ ഗൃഹാതുര സ്മരണകൾ മുഖത്ത് മിന്നി മറഞ്ഞു. മലയാള സിനിമയിൽ നായികയായി തിളങ്ങി നിന്ന കാലത്തെയും കൊല്ലത്തെക്കുറിച്ചും വാചാലയായി. കെ. രവീന്ദ്രനാഥൻ നായരെ ഇന്ന് കൊല്ലം കോർപ്പറേഷൻ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ശാരദ ഇന്നലെ കൊല്ലത്തെത്തിയത്. 'ഞാൻ അഭിനയിച്ച നിരവധി സിനിമകൾ കൊല്ലത്താണ് ഷൂട്ട് ചെയ്തത്. രവീന്ദ്രനാഥൻ നായർ താൻ ഏറ്റവുമധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിനാലാണ് എല്ലാ തിരക്കും മാറ്റിവച്ച് കൊല്ലത്ത് ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

മലയാള സിനിമയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ ആളാണ് രവി മുതലാളി. അദ്ദേഹം നിർമ്മിച്ച എലിപ്പത്തായം അടക്കം നിരവധി സിനിമകളുടെ ഷൂട്ടിംഗ് കൊല്ലത്തായിരുന്നു. അന്നു മുതലേ തനിയ്ക്ക് കൊല്ലത്തോടും ഇവിടത്തെ ജനങ്ങളോടും വലിയ ഇഷ്ടമുണ്ട്. അഭിനയത്തിനിടെ കുറെക്കാലം രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിനെക്കുറിച്ചും ശാരദ വാചാലയായി. 'ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. സിനിമയെപ്പോലെ ശോഭിയ്ക്കാവുന്ന മേഖലയല്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്നും ശാരദ പറഞ്ഞു. രവിമുതലാളിയുടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ശ്രീരാമൻ, അശോകൻ, ഗോപകുമാർ തുടങ്ങിയവരും ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തുന്നുണ്ട്.