നഖവും മുടിയും ഒഴിച്ചുള്ള ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാമെങ്കിലും എൺപത്തഞ്ച് ശതമാനം പേരിലും ഇത് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. മറ്റ് അവയവങ്ങളിൽ ബാധിക്കുന്നതിൽ ഏറ്റവും കൂടുതലായുള്ളത് ലസികാ ഗ്രന്ഥികളിൽ അഥവാ ലിംഫ്നോഡുകളിൽ ബാധിക്കുന്ന തരം ക്ഷയരോഗമാണ്. ഇവയിൽ തന്നെ കക്ഷം, ഇടുപ്പ്, വയർ, നെഞ്ച് എന്നിവിടങ്ങളിലെ ഗ്രന്ഥികളിലും രോഗം പിടിപെടാവുന്നതാണ്. കുട്ടികളിലും പ്രായം കുറഞ്ഞവരിലുമാണ് ഇത്തരം ക്ഷയരോഗം കൂടുതലായി കണ്ടുവരുന്നത്.
ലക്ഷണങ്ങൾ
കഴുത്തിലോ മറ്റ് ശരീരഭാഗങ്ങളിലോ സാവധാനത്തിൽ പ്രത്യക്ഷപ്പെടുന്ന വേദനയില്ലാത്തതരം മുഴകളാണ് ആദ്യലക്ഷണം. ക്രമേണ വീണ്ടും മുഴകൾ ഉണ്ടാവുകയും അവ തമ്മിൽ ഒത്തുചേരുകയും ചെയ്യാവുന്നതാണ്. തുടർന്ന് പഴുപ്പ് കെട്ടി പൊട്ടി വ്രണമായി മാറാനുള്ള സാദ്ധ്യതയുണ്ട്. പനി, വിശപ്പില്ലായ്മ, ക്ഷീണം എന്നിവ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം. ഇപ്രകാരം വേദനയില്ലാത്ത ഒന്നിലധികം മുഴകൾ ഒന്നായി ചേർന്ന് ഉള്ളിൽ പഴുപ്പ് ആകുന്നതും ഇപ്രകാരമുള്ള ക്ഷയരോഗ നിർണയത്തിനുള്ള തെളിവുകളാകാറുണ്ട്.
രോഗനിർണയം
ഇ.എസ്.ആർ നില കൂടിയതായി രക്തപരിശോധനയിൽ കാണാവുന്നതാണ്. മാന്റോ ടെസ്റ്റ് 75 ശതമാനം പേരിലും പോസിറ്റീവ് ആയിരിക്കുന്നതായി കാണാം (ഏകദേശം 10 എം.എമ്മിൽ കൂടുതൽ). മുഴയിൽ നിന്ന് കുത്തിയെടുത്ത് പരിശോധിക്കുന്ന ടെസ്റ്റാണ് (എഫ്.എൻ.എ.സി) പലപ്പോഴും ഏറ്റവും പ്രയോജനപ്പെടുന്ന പരിശോധന. ഇത് രോഗം സ്ഥിരീകരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അപൂർവം സന്ദർഭങ്ങളിൽ ബയോപ്സി പരിശോധനകൾ വേണ്ടിവന്നേക്കാം.
ചികിത്സ
ലസികാ ഗ്രന്ഥികളുടെ ക്ഷയരോഗബാധ സാധാരണ താരതമ്യേന ഗുരുതരമല്ലാത്ത രോഗബാധയാണെങ്കിലും ആറുമാസത്തെ സമ്പൂർണ ചികിത്സ ആവശ്യമാണ്. രോഗിയുടെ ശരീരഭാരത്തിന് അനുസൃതമായ ഡോസുകളായാണ് ഗുളിക രൂപത്തിൽ മരുന്നുകൾ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം നിശ്ചിത എണ്ണത്തിലുള്ള ഗുളികകൾ ഒരുമിച്ച് തന്നെ കഴിക്കേണ്ടതാണ്.
രോഗാവസ്ഥയുടെ പുരോഗതി കാലാകാലങ്ങളിൽ ശാരീരിക പരിശോധന വഴിയും മറ്റ് ടെസ്റ്റുകൾ വഴിയും വിലയിരുത്തേണ്ടതാണ്. ഔഷധങ്ങളോട് പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ക്ഷയരോഗം ഇത്തരക്കാരിൽ വളരെ അപൂർവമായാണ് കണ്ടുവരുന്നതെങ്കിലും ചുരുക്കം ചിലർക്ക് മരുന്നിന്റെ പാർശ്വഫലങ്ങൾ ഉണ്ടാകാം. ഒരു ക്ഷയരോഗ വിദഗ്ദ്ധന്റെ മേൽനോട്ടത്തിൽ ചികിത്സയെടുക്കുന്നതാണ് അഭികാമ്യം.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്
സംസ്ഥാന ആരോഗ്യ വകുപ്പ്
ഫോൺ: 9447162224.