ath

കൊല്ലം: റവന്യു ജില്ലാ സ്‌കൂൾ കായികമേള 7 മുതൽ 9 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി. ഷീല വാർത്താസമ്മേളനത്തിൽ അറിയിച്ചു. സബ് ജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മേളയിൽ മാറ്റുരയ്ക്കുക. സബ്‌ ജൂനിയർ വിഭാഗത്തിൽ 11 ഇനങ്ങളിൽ 606, ജൂനിയർ വിഭാഗത്തിൽ 19 ഇനങ്ങളിൽ 936, സീനിയർ വിഭാഗത്തിലെ 19 ഇനങ്ങളിലായി 1056 കുട്ടികളും ഉൾപ്പെടെ 2682 താരങ്ങൾ മേളയിൽ മത്സരിക്കും.

7ന് രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിക്കും. 9 ന് സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഡി.ഡി.ഇ ടി. ഷീല സമ്മാനദാനം നിർവഹിക്കും. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പ്രിൻസി റീന തോമസ്, കൺവീനർ ശെൽവരാജ്, മനോജ് കുമാർ, അജിതകുമാരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.