bank

കൊല്ലം: വായ്‌പയെടുക്കാൻ ഈട് വച്ച കോടികൾ വിലയുള്ള ഭൂമി നിയമവിരുദ്ധമായി നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അധികൃതർ തട്ടിയെടുത്തതായി പാരിപ്പള്ളി പകൽക്കുറി മംഗ്ളാവിൽ രാധാകൃഷ്ണകുറുപ്പിന്റെ മക്കളായ കീർത്തനാ കൃഷ്ണയും കാർത്തികാ കൃഷ്ണയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2001ലാണ് രാധാകൃഷ്ണക്കുറുപ്പ് പാരിപ്പള്ളിയിൽ ദേശീയപാതയോരത്തുള്ള 25 സെന്റ് ഭൂമി ഈട് നൽകി 20 ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 2009ൽ നടപടിക്രമങ്ങൾ പാലിക്കാതെ ലേലം ചെയ്ത് ബാങ്ക് ഭൂമി കൈക്കലാക്കി. ഇതിനെതിരെ കോടതിയെ സമീപിച്ചതോടെ 44,78,130 രൂപ അടയ്ക്കാൻ ഉത്തരവായെങ്കിലും സമയത്ത് അടയ്ക്കാനായില്ല.

2010ൽ ബന്ധുക്കളുടെ സഹായത്തോടെ തുകയുടെ ഡി.ഡി നൽകിയെങ്കിലും ബാങ്ക് സ്വീകരിച്ചില്ല. അന്നത്തെ സഹകരണ മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് പിഴപ്പലിശ അടച്ച് വസ്തു തിരികെ നൽകാൻ നിർദ്ദേശിച്ചെങ്കിലും ബാങ്ക് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസ് പിൻവലിച്ചതോടെ ബാങ്ക് നിലപാട് മാറ്റി. വീണ്ടും കോടതിയെ സമീപിച്ചതോടെ 89 ലക്ഷം രൂപ അടയ്ക്കാൻ 2015ൽ ഉത്തരവിട്ടു. 58 ലക്ഷം രൂപ അടച്ച ശേഷം ബാക്കി തുകയ്ക്ക് അവധി ചോദിച്ചെങ്കിലും ബാങ്ക് തയ്യാറായില്ല. ഇതിനെതിരെ വീണ്ടും കോടതിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സമീപിച്ചു. ഈ സമയം വീണ്ടും ഒത്തുതീർപ്പെന്ന നിലയിൽ പരാതി പിൻവലിപ്പിച്ച ബാങ്ക് അധികൃതർ ഭൂമി വേലികെട്ടി തിരിച്ചു. ഇതിനെതിരെ തങ്ങളും ബന്ധുക്കളും ചേർന്ന് വസ്തുവിന് മുന്നിൽ സമരം ആരംഭിച്ചെങ്കിലും സമരപ്പന്തൽ പൊലീസിനെ കൊണ്ട് പൊളിച്ചുനീക്കി.

തങ്ങളുടെ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്‌സും ഓഡിറ്റോറിയവും നിർമ്മിക്കാനാണ് ബാങ്ക് അധികൃതരുടെ നീക്കം. വസ്തു തിരികെ ലഭിക്കുംവരെ സമരം തുടരുമെന്നും തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബാങ്ക് പ്രസിഡന്റിനും ഭരണസമിതിക്കുമാണ് ഉത്തരവാദിത്വമെന്നും പെൺകുട്ടികൾ പറഞ്ഞു.

 വസ്തു ലേലം പിടിച്ചതെന്ന് ബാങ്ക് അധികൃതർ

മുതലും പലിശയും ചേർത്ത് തുക അടയ്ക്കണമെന്ന് കോടതി വിധിച്ചെങ്കിലും വായ്പക്കാരന് അതിന് കഴിയാതെ വന്നപ്പോഴാണ് വസ്തു പരസ്യലേലത്തിന് വച്ചതെന്ന് നടയ്ക്കൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും അറിയിച്ചു. കോടതി അനുവദിച്ച സമയത്തിനുള്ളിൽ പണം അടച്ച് വസ്തു സ്വന്തമാക്കാത്തതിനാൽ ലേലം തടയാൻ അവർ നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് 2009 ജനുവരി 14ന് പരസ്യലേലം നടത്തിയത്. എന്നാൽ, പുറത്തുനിന്നും ആരും ലേലം കൊള്ളാത്തതിനാൽ ബാങ്ക് തന്നെ ജാമ്യവസ്തു ലേലത്തിൽ പിടിച്ചു. ഇതിനെതിരെയും അവർ കേസ് കൊടുത്തു. മൊത്തം 89,56,260 രൂപ കെട്ടിവച്ച് വസ്തു നിശ്ചിത തീയതിക്കകം സ്വന്തമാക്കാൻ ഹൈക്കോടതി അവർക്ക് അനുമതി കൊടുത്തു. എന്നാൽ, 54,78,130 രൂപ മാത്രമേ കെട്ടിവച്ചുള്ളൂ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തി അനുകൂല ഉത്തരവ് നേടിയാണ് മേൽനടപടികൾ സ്വീകരിച്ച് വസ്തു കരമടച്ച് സ്വന്തമാക്കിയത്. അവർ കെട്ടിവച്ച തുക മടക്കി നൽകുന്നതാണെന്നും ബാങ്ക് ഭാരവാഹികൾ അറിയിച്ചു.