ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം 'ഗോപാല കഷായം' എന്നാക്കിയപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഈ ഭരണസമിതി ഇറങ്ങും മുമ്പ് അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ ഉണ്ണിക്കണ്ണൻ വൈദ്യരെന്ന് പേരുമാറ്റി വിളിക്കാനും മടിക്കില്ലെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ വിമർശനം. ക്ഷേത്രാചാരങ്ങളുടെ പൗരാണികതയും വിശുദ്ധിയും വിശ്വാസവും ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. ശബരിമല ക്ഷേത്രത്തെ ശ്രീ അയ്യപ്പ ക്ഷേത്രമെന്ന് പുനർനാമകരണം ചെയ്തപ്പോൾ പ്രതിഷേധിച്ചവരാണ് വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുന്നത്. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രയാർ ഗോപാലകൃഷ്ണൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
ആധികാരിക രേഖകളിലില്ല
അമ്പലപ്പുഴ പാൽപ്പായസവുമായി ബന്ധപ്പെട്ട രേഖകളിലൊന്നും ഗോപാല കഷായം എന്ന നാമകരണം ഇല്ല. പൗരാണിക ചരിത്രത്തിലധിഷ്ഠിതമായ ഉച്ചനിവേദ്യമാണ് അമ്പലപ്പുഴ പാൽപ്പായസം. അമ്പലപ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലെത്തുക അമ്പലപ്പുഴ പാൽപ്പായസമാണ്. അല്ലാതെ ഗോപാല കഷായമല്ല. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ബോധപൂർവമായ പ്രഖ്യാപനത്തെ ഭക്തർ അതിന്റേതായ ഗൗരവത്തോടെ തള്ളിക്കളയും. ബോർഡിന്റെ ആധികാരിക രേഖകളിൽ പോലും ഗോപാല കഷായം എന്ന് പരാമർശിച്ചിട്ടില്ല.
ഇപ്പോഴത്തെ പ്രസിഡന്റ് നേരത്തെയും വിവാദ പരാമർശം നടത്തിയിട്ടുണ്ട്. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പ്രസിഡന്റിന്റെ മുത്തശ്ശി എഴുതിയതെന്നായിരുന്നു പ്രചാരണം. മറ്റാരോ ആണ് എഴുതിയതെന്ന് ചില ആൾക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. ഹരിവരാസനം ഭക്തരുടെ ഹൃദയത്തിൽ അവിസ്മരണീയ സ്ഥാനം നേടിയ പ്രാർത്ഥനയാണ്.
20 രൂപയുടെ വികസനം പോലുമില്ല
ശബരിമലയിൽ 20 രൂപയുടെ വികസനം പോലും നടത്താൻ, പടിയിറങ്ങുന്ന ദേവസ്വം ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇടത് സർക്കാർ 280 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പദ്ധതി തയാറാക്കിയതായി അവകാശപ്പെടുന്നു. നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി രേഖയിലുണ്ട്. 20 കോടി ഉടൻ നൽകുമെന്ന് ധനമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. 20 രൂപാപോലും കൊടുത്തിട്ടില്ല. പിന്നെന്ത് വികസനമാണ് നടത്തിയത്.
മണ്ഡലകാല ഒരുക്കങ്ങളും തുടങ്ങിയില്ല
മണ്ഡലകാലത്തിന് ഇനി പത്തുനാൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴും യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തരുടെ സുരക്ഷാ ക്രമീകരണങ്ങൾക്കുപോലും മുൻതൂക്കം നൽകിയിട്ടില്ല. പമ്പയിലെ ലേലം പോയ കടകൾക്കുണ്ടായ നാശനഷ്ടവും പരിഹരിച്ചിട്ടില്ല. മഹാപ്രളയത്തിന് പിന്നാലെ പ്രഖ്യാപിച്ച പല പദ്ധതികളും മല ചവിട്ടിത്തുടങ്ങിയിട്ട് പോലുമില്ല. ശബരിമല പാതയിൽ പത്തനംതിട്ട മണ്ണാരക്കുളഞ്ഞി മുതൽ റോഡ് തകർന്നു കിടക്കുന്നു. പ്ളാപ്പള്ളിക്കടുത്ത് റോഡിന്റെ പകുതിയോളം മഴയിൽ ഇടിഞ്ഞുവീണു. ഇൗ ഭാഗത്തെ മണ്ണു നീക്കി, 20 അടി താഴ്ചയിൽ നിന്ന് പാറയടുക്കി കെട്ടുന്ന ജോലികൾ തുടങ്ങിയതേയുള്ളു.
നിലയ്ക്കൽ, ശബരിമല ബേസ് ക്യാമ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടായിരത്തോളം റബർ മരങ്ങൾ മുറിച്ചുവിറ്റു. ദേവസ്വം ബോർഡിന് 45 ലക്ഷത്തോളം രൂപ ലഭിച്ചു. എന്നാൽ, താമസത്തിന് നിർമ്മാണങ്ങളൊന്നും നടന്നില്ല. കുടിവെള്ള പദ്ധതിക്ക് ടെൻഡറായതും കഴിഞ്ഞ ദിവസമാണ്. സംരക്ഷണഭിത്തി നിർമ്മിക്കാത്തതിനാൽ പമ്പ ഹിൽടോപ്പിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. പ്രളയശേഷം താത്കാലിക സംരക്ഷണത്തിന് പ്ളാസ്റ്റിക് ചാക്കുകൾ അടുക്കിയത് നദിയിലേക്ക് ഇടിഞ്ഞുവീണു. പുതിയ പാലത്തിനുള്ള പഠനം പൂർത്തിയായില്ല. കെട്ടിട അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ആരംഭിച്ചതേയുള്ളൂ.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുടലെടുത്ത പ്രശ്നങ്ങൾ ശബരിമലയിലെ കാണിക്ക വരവിനെയും ബാധിച്ചു. ശബരിമല വികസനത്തിന് 1,280 കോടി ചെലവഴിച്ചെന്ന് പറയുന്ന സർക്കാർ ഏത് രീതിയിൽ ചെലവഴിച്ചെന്ന് വ്യക്തമാക്കണം. ബോർഡിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയും മറ്റും വിവരങ്ങളും ഭക്തർക്കും ജനങ്ങൾക്കും അറിയാൻ താത്പര്യമുണ്ട്. ധവളപത്രം ഇറക്കാൻ ബോർഡും സർക്കാറും തയാറാകണം.