കൊല്ലം: കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഇന്ന് രാജ്ഭവൻ മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷ്, ജനറൽ സെക്രട്ടറി പി. പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ കേരള രക്ഷയ്ക്ക് ഔഷധ മേഖലയുടെ അതിജീവനം എന്ന മുദ്രാവാക്യം ഉയർത്തി ഒക്‌ടോബർ 31ന് കാസർകോട് നിന്ന് സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഔഷധ സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ചാണ് മാർച്ച്. രാജ്ഭവന് മുന്നിൽ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്യും. ഔഷധമേഖലയ്ക്ക് മാത്രമായി മന്ത്രാലയം രുപീകരിക്കുക, ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന സെക്രട്ടറിമാരായ ടി.ആർ.ദിലീപ്, പി.സി.രാജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.സജിത് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.