കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാക്കി അനധികൃത പാർക്കിംഗ്. റോഡ് വക്കിൽ നിരത്തുന്ന വാഹനങ്ങൾ ഗതാഗതം തടസപ്പെടുത്തുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. തിരക്കേറിയ സമയങ്ങളിൽ കൊട്ടിയം ജംഗ്ഷൻ കടക്കാൻ കാൽമണിക്കൂറോളം വേണ്ടി വരുമെന്ന സ്ഥിതിയാണ്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന ആംബുലൻസുകളും കൊട്ടിയം ജംഗ്ഷനിൽ കുരുക്കിൽപ്പെടുന്നത് പതിവാണ്.
കൊട്ടിയം ജംഗ്ഷന്റെ ഹൃദയഭാഗമായ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ സൂപ്പർ മാർക്കറ്റ് മുതൽ ഒരു കിലോ മീറ്റർ നീളത്തോളം റോഡിന്റെ ഇരുവശവും വാഹനങ്ങളുടെ നീണ്ടനിരയാണ്. സന്ധ്യയാകുമ്പോൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾ കൂട്ടത്തോടെ എത്തുന്നതോടെ റോഡ് വക്കിലെ വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയാകും.റോഡ് കൈയേറിയാണ് ഈ സമയം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ ദേശീയപാതയിലൂടെ ഗതാഗതം ഇഴഞ്ഞു നീങ്ങും.
കണ്ണനല്ലൂർ, മയ്യനാട് റോഡുകളിലെ സ്ഥിതിയും സമാനമാണ്. എസ്.ഐയുടെ നേതൃത്വത്തിൽ അര ഡസനിലേറെ പൊലീസ് ഉദ്യോഗസ്ഥർ കിണഞ്ഞ് ശ്രമിച്ചാണ് പലപ്പോഴും ജംഗ്ഷനിലെ കുരുക്കഴിക്കുന്നത്. ചെറിയ അപകടങ്ങൾ വല്ലതും സംഭവിച്ചാൽ പിന്നെ ജംഗ്ഷനാകെ സ്തംഭിക്കും. എന്നാൽ അനധികൃത പാർക്കിംഗ് തടയാൻ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാറുമില്ല.
പാർക്കിംഗ് കേന്ദ്രം വേണം
കൊട്ടിയം ജംഗ്ഷനിൽ പ്രത്യേക പാർക്കിംഗ് കേന്ദ്രം സജ്ജമാക്കിയാൽ ഗതാഗതകുരുക്കിന് വലിയ അളവിൽ പരിഹരമാകും. പൊതുസ്ഥലം ലഭ്യമല്ലെങ്കിൽ സ്വകാര്യ ഭൂമിയിൽ ചെറിയ തുക യൂസർ ഫീസ് ഈടാക്കിയെങ്കിലും പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
'' കൊട്ടിയം ജംഗ്ഷനിൽ നിലവിൽ നടപ്പാത എന്നൊന്നില്ല. നടപ്പാതകൾ പൂർണമായും കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ശേഷിക്കുന്നിടത്ത് ഓട്ടോ, ടാക്സി, ലോറി സ്റ്റാൻഡുകളുമാണ്. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. റോഡ് വക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ബസിൽ കയറാനുള്ള ഓട്ടത്തിനിടെ ബോർഡുകളിൽ തട്ടി യാത്രക്കാർ വീഴുന്നതും നിത്യ സംഭവമാണ്. "
എ. സജീബ് ഖാൻ (കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് ജന. സെക്രട്ടറി)