കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ജംഗ്ഷൻ - കരുനാഗപ്പള്ളി മാർക്കറ്റ് റോഡ് അപകട കെണിയായി മാറിയിട്ടും നടപടിയില്ല. മഴ വെള്ളം കെട്ടി നിൽക്കുന്നതിനെ തുടർന്ന് റോഡിൽ രൂപപ്പെട്ട കുഴികളാണ് വാഹനങ്ങൾക്കും കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നത്. കരുനാഗപ്പള്ളി ടൗണിലെ പ്രധാന റോഡായിട്ടും ഇതിനോട് അധികൃതർ തെല്ലും പരിഗണന കാണിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ശാസ്താംകോട്ട ഭാഗത്തു നിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ എല്ലാം മാർക്കറ്റ് റോഡ് വഴിയാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് തെക്ക് ഭാഗത്താണ് വലിയ കുഴികളിലേറെയും. ടൗണിന്റെ കിഴക്കു ഭാഗത്തു നിന്ന് മഴ വെള്ളം ഒഴുകി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ തെക്കുവശമുള്ള റോഡിലാണ് കെട്ടിനിൽക്കുന്നത്. ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാൻ മറ്റ് മാർഗങ്ങളില്ല. ഇതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്.
7 മാസത്തിന് മുമ്പാണ് റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയത്. ദിവസവും നിരവധി ഇരുചക്ര വാഹന യാത്രികർക്കാണ് ഇവിടുത്തെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു യാത്രികന് പരിക്കേറ്റിട്ടും നടപടികൾ മാത്രം ഇനിയും അകലെയാണ്.
ഭീഷണിയുടെ നടുവിൽ ഇവ
01.തേവർകാവ് ശ്രീ വിദ്യാധിരാജ ആർട്ട്സ് ആൻഡ് സയൻസ് കോളേജ്
02. എം.ജി ഐ.ടി.ഐ
03. തേവർകാവ് ദേവീക്ഷേത്രം
04. കരുനാഗപ്പള്ളി കാർഷിക ഗ്രാമീണ ബാങ്ക്
05. കരുനാഗപ്പള്ളി മാർക്കറ്റ്
06. കരുനാഗപ്പള്ളി മുസ്ലീം ജമാഅത്ത്
07. വലിയത്ത് ആശുപത്രി
പ്രതിഷേധവും തുടർക്കഥ
വെള്ളക്കെട്ടായ റോഡ് അപകട രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ വിദ്യാധിരാജ കോളേജിലെ വിദ്യാർത്ഥികൾ മുൻസിപ്പാലിറ്റിക്ക് മുന്നിൽ ധർണ നടത്തിയിരുന്നു. മാസങ്ങളായി റോഡിൽ കെട്ടി നിൽക്കുന്ന മലിനജലം ടൗണിലെ താമസക്കാർക്കും വിനയായി മാറുന്നുണ്ട്. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.