രവീന്ദ്രനാഥൻ നായരെ വ്യവസായികൾ മാതൃകയാക്കണം: ഗവർണർ
കൊല്ലം: മലയാള സിനിമയെ ലോക ശ്രദ്ധയിലേക്കുയർത്തിയ ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും സാംസ്കാരിക പ്രവർത്തകനുമായ കെ. രവീന്ദ്രനാഥൻ നായർ കൊല്ലം ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കൊല്ലം നഗരത്തിന്റെ പ്രൗഢ ഗംഭീരമായ ആദരവ് ഏറ്റുവാങ്ങി.
സിനിമയിൽ നിന്ന് ആർജ്ജിച്ച ലാഭം സമൂഹത്തിനായി മാറ്റിവച്ച രവീന്ദ്രനാഥൻ നായരെ വ്യവസായികൾ മാതൃകയാക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോർപ്പറേറ്റുകൾ ലാഭത്തിന്റെ വിഹിതം സാമൂഹ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിലിറ്റി പദ്ധതിയൊക്കെ ഉണ്ടാകുന്നതിന് മുൻപാണ് രവീന്ദ്രനാഥൻ നായർ തന്റെ വരുമാനത്തിന്റെ ഒരുഭാഗം ലൈബ്രറി നിർമ്മിക്കാനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി മാറ്റിവച്ചത്. സ്കൂളുകൾക്ക് കെട്ടിടവും ആശുപത്രികളിൽ ചികിത്സാസംവിധാനങ്ങളും തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നൽകിയ അദ്ദേഹം നിശബ്ദ മാനവികതയുടെ വക്താവായിരുന്നു. അദ്ദേഹത്തെ പുതുതലമുറയും ഇന്നത്തെ വ്യവസായികളും മാതൃകയാക്കണം. അദ്ദേഹം ആർട്ട് സിനിമയുടെ വക്താവായിരുന്നില്ല. നല്ല സിനിമകളുടെ നിർമ്മാതാവായിരുന്നു. അടൂരിനെയും അരവിന്ദനെയും പോലുള്ള സംവിധായകരെ ലോക ശ്രദ്ധയിലേക്ക് എത്തിക്കുന്നതിൽ രവി മുതലാളിയുടെ പങ്ക് നിർണായകമാണ്. കൊല്ലത്തിന്റെ സാമ്പത്തിക അടിത്തറയായ കശുഅണ്ടി വ്യവസായത്തിന്റെ വളർച്ചയിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര ഉണ്ടെന്ന് പറഞ്ഞ ഗവർണർ മലയാളത്തിൽ ഇങ്ങനെ പറഞ്ഞു നിർത്തി. 'രവീന്ദ്രനാഥൻ നായർ കൊല്ലത്തിന് മാത്രമല്ല കേരളത്തിനും മാതൃകയാണ്. അദ്ദേഹത്തെ പുതുതലമുറ മാതൃകയാക്കണം."
മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, അടൂർ ഗോപാലകൃഷ്ണൻ, എം. നൗഷാദ് എം.എൽ.എ, കളക്ടർ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. മേയർ വി. രാജേന്ദ്രബാബു സ്വാഗതവും ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് നന്ദിയും പറഞ്ഞു. സംവിധാകൻ ഷാജി.എൻ. കരുൺ, അഭിനേതാക്കളായ ശാരദ, ജലജ, അശോകൻ, ശില്പി കാനായി കുഞ്ഞിരാമൻ തുടങ്ങിയവർ രവീന്ദ്രനാഥൻ നായരുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് സംഗീതപരിപാടി അരങ്ങേറി.
ജനിച്ച നാടിന്റെ ആദരവ്
മഹത്തരം:രവീന്ദ്രനാഥൻ നായർ
കൊല്ലത്തിന്റെ ആദരവ് ഏറെ വിലപ്പെട്ടതാണെന്ന് മറുപടി പ്രസംഗത്തിൽ രവീന്ദ്രനാഥൻ നായർ പറഞ്ഞു. ജനിച്ച് വളർന്ന നാടിന്റെ ആദരവ് ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരത്തെക്കാൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.