photo
തഴവ കുടുംബശ്രീ കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു പാഞ്ചജന്യം ഉദ്ഘാടനം ചെയ്യുന്നു


കരുനാഗപ്പള്ളി: തഴവാ ഗ്രാമപഞ്ചായത്തിലെ കുടുംബ ശ്രീയുടെ നേതൃത്വത്തിൽ കുത്തരി വിപണിയിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുടുംബശ്രീ പ്രവർത്തകർ പത്തേക്കർ സ്ഥലത്ത് വിളയിച്ച നെല്ല് കുത്തരിയാക്കി ഹരിതം എന്ന പേരിൽ വില്പനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അവർ.

കുത്തരിയുടെ വിപണനോദ്ഘാടനം ഹരിതം എന്നപേരിൽ ഡിസംബർ ഒന്നാം തീയതി ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മണപ്പള്ളി പതിനൊന്നാം വാർഡിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ കൂട്ടായ്മ രൂപീകരിച്ച് എ.ഡി.എസ് കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ കൃഷി ഇറക്കിയത്. ഭൂമി ഒരുക്കിയതും വിത്ത് വിതച്ചതും പരിപാലനവും കൊയ്ത്തുമടക്കം എല്ലാ പ്രവൃത്തികൾക്കും കുടുംബശ്രീ വനിതകളാണ് നേതൃത്വം നൽകിയത്.

വിഷരഹിതമായ ഭക്ഷ്യോല്പാദനത്തിൽ സ്വയം പര്യാപ്തത നേടുന്നതിലും കുടുംബശ്രീ പോലെയുള്ള വനിതാകൂട്ടായ്മകള്‍ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്തംഗം ബിജുപാഞ്ചജന്യം പറഞ്ഞു. വാർഡ് മെമ്പർ പാവുമ്പ സുനിൽ അദ്ധ്യക്ഷനായിരുന്നു. കടമ്പാട്ട് ഗോപാലകൃഷ്ണൻ, രാധാകൃഷ്ണപിള്ള, ശ്യാമള, സുശീല എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ രമ്യാകൃഷ്ണൻ സ്വാഗതവും എ.ഡി.എസ് പ്രസിഡന്റ് ശ്രീവിദ്യ നന്ദിയും പറഞ്ഞു.