കൊല്ലം: തയ്യൽ തൊഴിലാളി ക്ഷേമബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ആനുകൂല്യ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും ക്ഷേമബോർഡുകളോടുള്ള ധനകാര്യ വകുപ്പിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ബി.എം.എസ് സംസ്ഥാന സമിതിയംഗം കെ. മോഹനൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ തയ്യൽ മസ്ദൂർ സംഘത്തിന്റെ (ബി.എം.എസ്) നേതൃത്വത്തിൽ തയ്യൽ തൊഴിലാളി ക്ഷേമബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ഭാരവാഹികളായ ജെ. തങ്കരാജ്, യൂണിയൻ ജനറൽ സെക്രട്ടറി ലിസി രാജേന്ദ്രൻ, ആർ. രാധാകൃഷ്ണൻ, ബി. ശശിധരൻ, റെജി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിവേദനം കൈമാറി.