കൊല്ലം: രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ച വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ യാത്രയയപ്പ് നൽകി. ജില്ലയിൽ നിന്നും എട്ടു വിദ്യാർത്ഥികൾക്കാണ് അസുലഭ അവസരം. ന്യൂനപക്ഷ കമ്മീഷൻ പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച എക്സ്പ്ലോറിങ് ഇന്ത്യ ദേശീയ ക്യാമ്പിന്റെ ഭാഗമായാണ് ഇവർ യാത്ര തിരിക്കുന്നത്. സംസ്ഥാനത്തെ 120 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. ഒക്ടോബർ 11ന് നെടുമ്പാശേരിയിൽ നിന്നും പുറപ്പെടുന്ന സംഘം രാഷ് ട്രപതിയുമായി സംവദിക്കും. പാർലമെന്റ്, സുപ്രീം കോടതി, രാഷ്ട്രപതി ഭവൻ, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങൾ, കേന്ദ്രങ്ങൾ, വിവിധ സർവകലാശാലകൾ എന്നിവയും സന്ദർശന പരിപാടിയിലുണ്ട്.
സയൻസ് വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്. എസ്. എസിലെ റസിയ നവാസ്, മൈനാഗപ്പള്ളി എം. എസ് .എച്ച്. എസ്. എസിലെ ഫെസൽ ഷാ, ഗണിത വിഭാഗത്തിൽ വയല ഗവൺമെന്റ് എച്ച്. എസ്. എസിലെ മുഹമ്മദ് ആരിഫ്, ചിതറ എസ്. എൻ. എച്ച്. എസ്. എസിലെ ഹഫീസ, ഹുമാനിറ്റീസ് വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് എച്ച്. എസ്. എസിലെ ഹുദ ജാസ്മിൻ, ക്ലാപ്പന എസ്. വി. എച്ച്. എസ്.എസിലെ എം നജ്മി, കോമേഴ്സ് വിഭാഗത്തിൽ മൈനാഗപ്പള്ളി എം. എസ്. എച്ച് .എസ്. എസിലെ മുഹമ്മദ് സലീം, ചാത്തിനാംകുളം എം. എസ്. എം. എച്ച് എസ്. എസിലെ ആദിത്യ എ ബോസ് എന്നിവരാണ് ക്യാമ്പിൽ ജില്ലയെ പ്രതിനിധീകരിക്കുന്നത്.