കരുനാഗപ്പള്ളി: പള്ളിക്കലാറിനെ മാലിന്യമുക്തമാക്കുന്നതിനായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരംഭിച്ച ക്ലീൻ പള്ളിക്കലാർ ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ജനപ്രതിനിധികളുമായി കൂടിക്കാഴ്ച, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണം, കണ്ടൽ വനവൽക്കരണം എന്നിവ രണ്ടാം ഘട്ടത്തിൽ നടക്കും.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, പള്ളിക്കലാർ സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ചലഞ്ചിന് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ വിവിധ സ്കൂളുകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയ യുവജന സംഘടനകൾ ഉൾപ്പടെ ഇരുനൂറിലധികം ആളുകൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംഘാടകർ അറിയിച്ചു.
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർഥികളും കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ, അദ്ധ്യാപകരായ സുധീർ, മുനീർ ,ഹാഫിസ്, രിസ്ഥിതി ക്ലബ് അംഗം അലൻ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുനിൽ പൂമുറ്റം എന്നിവർ നേതൃത്വം നൽകി.