sabarimala
ശബരിമലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്‌ട്രേ​റ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ കളക്ടർ ബി.അബ്ദുൽ നാസർ സംസാരിക്കുന്നു

കൊല്ലം: ശബരിമല തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ റൂറൽ പൊലീസ് അതിർത്തി കടക്കുന്ന വാഹനങ്ങളുടെ നമ്പരുകൾ രേഖപ്പെടുത്തുന്ന ഓട്ടോമാ​റ്റിക് നമ്പർ ഡി​റ്റക്ഷൻ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്‌ടറേ​റ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരീക്ഷണ മേഖല
നിലയ്ക്കൽ, ഏനാത്ത്, ചന്ദനത്തോപ്പ്, ആര്യങ്കാവ്, കലഞ്ഞൂർ എന്നിവിടങ്ങളിൽ എത്തുന്ന വാഹനങ്ങളുടെ നമ്പരുകൾ പുതിയ സംവിധാനം വഴി രേഖപ്പെടുത്തും. ഇതുവഴി വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ഉടനടി അറിയാനാകും.


സീസൺ ആരംഭിക്കും മുൻപ് തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താൻ അതത് വകുപ്പുകൾ ശ്രദ്ധിക്കണം. ശബരിമലയിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷിതമാണോ എന്നും അ​റ്റകു​റ്റപ്പണികൾ പൂർത്തിയായോ എന്നും ബന്ധപ്പെട്ടവർ പരിശോധിക്കണം. സുരക്ഷാ അറിയിപ്പ് ബോർഡുകൾ, ദിശാഫലകങ്ങൾ എന്നിവ സ്ഥാപിക്കണം. അന്യസംസ്ഥാന തീർത്ഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം.
ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി ഭക്ഷണശാലകൾ പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പു വരുത്തകയും ചെയ്യണം. ഭക്ഷണങ്ങളുടെ വിലയും തൂക്കവും പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് ലീഗൽ മെട്രോളജി വിഭാഗം പരിശോധിക്കണം.

ശബരിമല സീസൺ വില

ചായ- 8 രൂപ,

കാപ്പി- 8 രൂപ,

കടുംകാപ്പി/ചായ- 6 രൂപ,

നെയ്‌റോസ്​റ്റ്- 30 രൂപ

( മറ്റുള്ളവയ്ക്ക് കഴിഞ്ഞ വർഷത്തെ വില തുടരും)


കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ ഭാഗങ്ങളിൽ തീർത്ഥാടകർ ഭക്ഷണം പാകം ചെയ്യുന്നതും മ​റ്റും കാട്ടുതീയ്ക്ക് കാരണമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധപുലർത്തണം. മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ റാപ്പിഡ് ആക്ഷൻ ടീമിന്റെ സേവനം ഊർജിതമാക്കണം. തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന സ്ഥലങ്ങളിൽ കച്ചവടക്കാർ മാലിന്യം നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശുചിത്വ, ഹരിത മിഷനുകളുമയി സഹകരിച്ച് ശുചിത്വ ബോധവത്കരണവും വിവിധഭാഷാ ലഘുലേഖ വിതരണവും നടത്തണം. എക്‌സൈസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളുടെ പരിശോധന ശക്തമാക്കണം.
റൂറൽ എസ്. പി ഹരിശങ്കർ, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി കളക്ടർ ആർ.ഐ ജ്യോതിലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസർ ആർ. അനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.