
കൊല്ലം: എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് വാഹന വായ്പയെടുത്ത യുവതി വായ്പ തിരിച്ചടച്ച് എൻ.ഒ.സി വാങ്ങിയിട്ടും വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന പേരിൽ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ചുവെന്ന പരാതിയിൽ വനിതാ കമ്മിഷൻ കേസെടുത്തതായി കമ്മിഷനംഗം ഡോ. ഷാഹിദാ കമാൽ അറിയിച്ചു. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയുടെ ഫലമായി ഒരു സ്ത്രീ കോടതി കയറേണ്ടി വന്നത് ഗൗരവമായാണ് കാണുന്നത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതിനെ തുടർന്ന് വാടക വീട്ടിൽ നിന്ന് ഉടമസ്ഥൻ ഇറക്കിവിട്ടതായും കമ്മിഷനിൽ ലഭിച്ച പരാതിയിലുണ്ട്. ഇപ്പോൾ ഇവർക്ക് താമസിക്കാൻ ഇടമില്ലാത്ത സാഹചര്യമാണ്. ഇത്രയും ഗുരുതര വീഴ്ച ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായതിനെതിരെ കമ്മിഷൻ കർശന നടപടി സ്വീകരിക്കും. 2016 ൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് ഇരുചക്രവാഹനം വാങ്ങാൻ യുവതി വായ്പ എടുത്തിരുന്നു. ഇടയ്ക്ക് കുടിശ്ശിക വന്നപ്പോൾ ബാങ്ക് കോടതിയെ സമീപിച്ചു. തുടർന്ന് കോടതിയിൽ നിന്ന് സമൻസ് വരികയും യുവതി ബാങ്കുമായി ബന്ധപ്പെട്ട് കുടിശ്ശിക അടച്ച് തീർക്കുകയും ചെയ്തു. കോടതി ചെലവിനായും പണം നൽകി. 2018 -ഓടെ മുഴുവൻ വായ്പാ തുകയും ബാങ്കിൽ അടച്ച് തീർത്ത് എൻ.ഒ.സി വാങ്ങി കയ്യിൽ വച്ചു. വാഹനം മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. എന്നാൽ ബാങ്ക് കൃത്യസമയത്ത് കോടതിയിൽ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് സമൻസ് വാറണ്ടാവുകയും വാറണ്ടിന്റെ അടിസ്ഥാനത്തിൽ യുവതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകമായിരുന്നു. തന്റെ പേരിലുളള കേസെന്താണെന്ന് പോലും യുവതിക്ക് അറിയില്ലായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തന്റെ പേരിലെ കേസ് എന്താണെന്നറിയുന്നത്. യുവതിയുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ട കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ നാട്ടുകാരുടെ മുന്നിലൂടെ തന്നെ പൊലീസ് ജീപ്പിൽ കയറ്റികൊണ്ടുപോയി അപമാനിക്കുകയും പിന്നീട് വാടക വീട് പോലും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ബാങ്കിനെതിരെ ശക്തമായ നിയമ പോരാട്ടം നടത്തുമെന്ന് യുവതി കമ്മിഷനോട് പറഞ്ഞു. ഇതിനു വേണ്ട മുഴുവൻ പിന്തുണയും കമ്മിഷൻ നൽകുമെന്ന് ഡോ.ഷാഹിദാ കമാൽ ഉറപ്പ് നൽകി.