punch-

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവം ആളുമാറിയുള്ള ആക്രമണമായിരിക്കാമെന്ന് പൊലീസ്. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി റിസ്വാനാണ് തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ മയ്യനാട് തോപ്പിൽ മുക്കിലുള്ള പെട്രോൾ പമ്പിന് മുന്നിൽ വച്ച് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അപരിചിതരായ മൂന്നുപേർ റിസ്വാനെ തടഞ്ഞുനിറുത്തി കമ്പിവടി കൊണ്ട് മുതുകത്ത് അടിക്കുകയായിരുന്നു.

ശനിയാഴ്‌ച സ്‌കൂൾ പരിസരത്ത് റിസ്വാന്റെ സുഹൃത്ത് മറ്റൊരു വിദ്യാർത്ഥിയെ തല്ലിയിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്തവർ അബദ്ധത്തിൽ റിസ്വാനെ ആക്രമിച്ചെന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷൻ സംഘം ലക്ഷ്യമിട്ട വിദ്യാർത്ഥി റിസ്വാന്റെ അടുത്ത സുഹൃത്താണ്. ബൈക്കിലെത്തിയ സംഘത്തെ ഇനി കണ്ടാൽ അറിയുമെന്ന് റിസ്വാൻ പൊലീസിന് മൊഴി നൽകി. ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയതായി സംശയിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പൊലീസെത്തി. വിദ്യാർത്ഥി ഒളിവിലാണ്. ഐ.പി. സി 308(വധശ്രമം) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റിസ്വാൻ മയ്യനാട് സി. കേശവൻ സ്‌മാരക ആശുപത്രിയിൽ ചികിത്സയിലാണ്.