bhyagalekshmi
എ. എസ്. ഭാഗ്യലക്ഷ്മി

കൊല്ലം: തൃശൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രാദേശിക ചരിത്ര രചനയിൽ പുത്തൂരിലെ കാർഷിക ചരിത്രം എഴുതിയ പുത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.എസ്. ഭാഗ്യലക്ഷ്മി ഒന്നാം സ്ഥാനം നേടി. 14 ജില്ലകളിൽ നിന്നായി പങ്കെടുത്ത 28 കുട്ടികളെ മറികടന്നാണ് ഭാഗ്യലക്ഷ്മി ഒന്നാമതെത്തിയത്. ഒരു കാലയളവിൽ പുത്തൂരിലെ നെല്ലറയെന്ന് അറിയപ്പെട്ടിരുന്ന ആറ്റുവാശ്ശേരിയിലെ വഴിനടക്കൽ, മീനങ്ങാട് കുളവറകോണം കോതറ തുടങ്ങിയ വയലുകളെയും സമീപകാലത്ത് അവയ്ക്കുണ്ടായ രൂപമാറ്റം കാർഷികമേഖലയിൽ പ്രതിഫലിച്ചതിനെയും കുറിച്ചാണ് ഭാഗ്യലക്ഷ്മി പഠനം നടത്തിയത്. കല്ലടയാറിന് ഇരു കരകളിലും വ്യാപകമായിരുന്ന ചാമ , കരിമ്പ് കൃഷികളെ കുറിച്ചും പഞ്ചസാര വ്യവസായത്തിലും ശർക്കര വ്യവസായത്തിലുമുണ്ടായ തകർച്ച മൂലം ഇത്തരം കൃഷികൾ അപ്രത്യക്ഷമായതും പഠനവിധേയമാക്കി. കഴിഞ്ഞ വർഷം നടന്ന ശാസ്ത്രമേളയിൽ പുത്തൂരിലെ വിദ്യാഭ്യാസ ചരിത്രത്തിന് സംസ്ഥാനതലത്തിൽ ഭാഗ്യലക്ഷ്മിക്ക് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. നെടിയവിള തിരുവാതിരയിൽ അനിൽ കുമാറിന്റെയും കലാ ദേവിയുടെയും മകളാണ് ഭാഗ്യലക്ഷ്മി. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ചരിത്ര അദ്ധ്യാപകനായ ബി. പ്രദീപിന്റെ സഹായത്തോടെയാണ് ചരിത്ര രേഖ തയ്യാറാക്കിയത്.