പ്രതിയെ വലയിലാക്കിയത് തന്ത്രപരമായി
കൊല്ലം: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ടാക്‌സി ഡ്രൈവർ കൊട്ടിയം തഴുത്തല സ്വദേശി ജോമോനെ (26) കൊല്ലം ഈസ്‌റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഉളിയക്കോവിൽ സ്വദേശിനിയായ പത്താംക്ലാസുകാരിയെ കാണാതായത്. പൊലീസ് അന്വേഷിക്കുന്നതിനിടെ അന്നുതന്നെ പെൺകുട്ടി ട്രെയിനിൽ ബന്ധുവിന്റെ വീട്ടിൽ മടങ്ങിയെത്തി. എന്നാൽ വിവരങ്ങൾ ചോദിച്ചറിയാനുള്ള പൊലീസിന്റെ നീക്കവുമായി പെൺകുട്ടി സഹകരിച്ചില്ല. പെൺകുട്ടിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഏറ്റവും ഒടുവിൽ വിളിച്ചത് ജോമോനായിരുന്നുവെന്ന് ബോധ്യമായി. ജോമോനെ ബന്ധപ്പെട്ടപ്പോൾ ഫോൺ ചാർജ് ചെയ്യാൻ വേണ്ടി വിളിച്ചെന്നായിരുന്നു മറുപടി. പെൺകുട്ടിയും ഇതുതന്നെ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ പൊലീസ് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചു. നാടകീയ നീക്കങ്ങൾ നടത്തിയാണ് പൊലീസ് പ്രതിയെ കുടുക്കിയത്.
ടവർ ലൊക്കേഷൻ നോക്കിയപ്പോൾ ജോമോൻ കൊച്ചിയിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും ടാക്‌സി ഡ്രൈവറായതിനാൽ പിടികൂടാനാകാത്ത വിധം നീങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ ജോമോനെ ആദ്യം വിളിച്ച കൊല്ലം ഈസ്‌റ്ര് പൊലീസ് സ്‌റ്റേഷനിലെ ക്രൈം എസ്.ഐ ആർ.ബിജുവിന്റെ നമ്പരിലേക്ക് ജോമാേൻ തിരികെ വിളിച്ചു. ജോമോൻ എസ്.ഐയുമായി സൗഹൃദത്തിലായി. പെൺകുട്ടി മടങ്ങിയെത്തിയതിനാൽ കേസെല്ലാം അവസാനിച്ചെന്ന് പ്രതിയെ ധരിപ്പിച്ചു. എസ്.ഐ തന്ത്രപൂർവ്വം ജോമോനോട് ഒരു സഹായം ആവശ്യപ്പെട്ടതോടെയാണ് പ്രതി വലയിൽ വീണത്. തന്റെ സഹോദരിയുടെ മകന് ഡ്രൈവർ ജോലി തരപ്പെടുത്തി നൽകുമോയെന്ന് എസ്.ഐ ജോമോനോട് ചോദിച്ചു. എസ്.ഐയുടെ ബന്ധുവിന് ജോലി നൽകുന്നതിന്റെ ആവേശത്തിൽ ജോമോൻ സമ്മതിച്ചു. ആലപ്പുഴയിലുള്ള തന്റെ അളിയൻ കാണാൻ വരുമെന്ന് എസ്.ഐ പറഞ്ഞു. എസ്.ഐയുടെ അളിയനെ എറണാകുളത്ത് കാത്തുനിന്ന ജോമോനെ എസ്.ഐ ആർ. ബിജുവും സി.പി.ഒ ജെയിംസും ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.