c
മൺറോതുരുത്തിന്റെ ലെവൽക്രോസ് സ്വപ്നം 16 വർഷമായി ഫയലിൽ തന്നെ

കൊല്ലം: റെയിൽവേ ലൈൻ നെടുകെ രണ്ടായി പിളർത്തിയ മൺറോതുരുത്തിൽ ലെവൽക്രോസ് സ്ഥാപിക്കാനുള്ള പദ്ധതി പതിനാറ് വർഷമായി ഫയലിൽ ഉറങ്ങുന്നു. നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടർന്ന് സ്വന്തമായി പണം മുടക്കില്ലെന്ന വ്യവസ്ഥയോടെ 2003 മാർച്ച് 18നാണ് റെയിൽവേ മൺറോതുരുത്തിലെ പട്ടംതുരുത്ത് ഭാഗത്ത് ലെവൽക്രോസ് നിർമ്മിക്കാനുള്ള അനുമതി നൽകിയത്. ലെവൽക്രോസ് നിർമ്മാണത്തിന് റെയിൽവേയിൽ സമ്മർദ്ദം ചെലുത്തി പണം അനുവദിപ്പിക്കാനോ സംസ്ഥാന സർക്കാരിൽ നിന്ന് പണം ലഭ്യമാക്കാനോ ജനപ്രതിനിധികളാരും പിന്നീട് ഇടപെട്ടിട്ടില്ല.

 ജീവൻ പണയം വച്ച് നാട്ടുകാർ

എറണാകുളം - കൊല്ലം പാതയിൽ ലെവൽക്രോസ് ഇല്ലാത്ത എക പഞ്ചായത്താണ് മൺറോതുരുത്ത്. തൊട്ടടുത്ത പനയം പഞ്ചായത്തിൽ മൂന്ന് ലെവൽക്രോസുകളുണ്ട്. മൺറോതുരുത്തിലെ ഒട്ടുമിക്ക റോഡുകളും റെയിൽവേ ലൈനുകൾക്ക് മുന്നിൽ അവസാനിക്കുകയാണ്. പിന്നെ ജീവൻപണയം വച്ച് ലൈൻ മുറിച്ച് കടക്കുകയാണ് ഏകവഴി. ശ്രദ്ധിക്കാതെ പാളം മുറിച്ച് കടക്കുമോയെന്ന ഭയം കാരണം സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കൊപ്പം മറ്റ് പണികളെല്ലാം ഉപേക്ഷിച്ച് രക്ഷാകർത്താക്കൾ ഒപ്പം പോകേണ്ട അവസ്ഥയാണ്. പ്രായമേറിയവർ പല യാത്രകളും ഒഴിവാക്കുകയാണ്. രാത്രികാലങ്ങളിൽ റെയിൽവേ ലൈനിന് അപ്പുറവും ഇപ്പുറവുമുള്ള പ്രദേശങ്ങൾ ഗതാഗത ബന്ധമില്ലാത്ത രണ്ട് തുരുത്തുകളായി മാറുന്ന സ്ഥിതി വിശേഷമാണ് ഇവിടെ.

 വാഹനം മാറി മാറി കയറണം

ഇടിയക്കടവ്- പേഴുംതുരുത്ത് റോഡിന് ഇടയിലാണ് റെയിൽവെ ലെവൽക്രോസിന് അനുമതി നൽകിയിട്ടുള്ള പട്ടംതുരുത്ത്. ഈ റോഡിൽ നിരവധി സ്കൂളുകൾ, അംഗൻവാടികൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, മൃഗാശുപത്രി, കയർ സഹകരണ സംഘങ്ങൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങൾക്ക് പുറമേ നിരവധി ദേവാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് പോകുന്നവർ പട്ടംതുരുത്ത് വരെ ഒരു വാഹനത്തിലെത്തി റെയിൽവേ ലൈൻ കാൽനടയായി മുറിച്ച് കടന്ന് മറ്റൊരു വാഹനത്തിൽ കയറിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നത്. പട്ടംതുരുത്തിൽ ലെവൽക്രോസ് യാഥാർത്ഥ്യമായാൽ വാഹനയാത്രക്കാർക്ക് വേഗത്തിൽ കൊല്ലം - തേനി ദേശീയപാതയിൽ പ്രവേശിക്കാനുമാകും.

എണ്ണായിരത്തിലധികമാണ് മൺറോതുരുത്തിലെ ജനസംഖ്യ. ഇതിൽ ഭൂരിഭാഗവും പട്ടികജാതി, പട്ടികവർഗ്ഗം അടക്കമുള്ള പിന്നാക്ക വിഭാഗക്കാരും.

 " ലെവൽക്രോസ് നിർമ്മിക്കാൻ കുറഞ്ഞത് 5 കോടി രൂപയെങ്കിലും വേണം. ഈ തുക അനുവദിപ്പിക്കാൻ മുഖ്യമന്ത്രിയും റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിയും എം.പിമാരും എം.എൽ.എയും ഇടപെടണം.''

ബി. രവികുമാർ (കയർ വർക്കേഴ്സ് യൂണിയൻ കുണ്ടറ ഏരിയാ സെക്രട്ടറി)

 എറണാകുളം - കൊല്ലം പാതയിൽ ലെവൽക്രോസ് ഇല്ലാത്ത എക പഞ്ചായത്താണ് മൺറോതുരുത്ത്

 റെയിവേ അനുമതി ലഭിച്ചത് 2003 മാർച്ച് 18ന്