പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കുമെന്ന് പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. മണിയാർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയനിലെ 67 ശാഖയോഗങ്ങളെ യൂണിയനുമായി ഉൾപ്പെടുത്തി ഡിജിറ്റൽ കമ്പ്യൂട്ടറൈസേഷൻ സംവിധാനം സജ്ജമാക്കും. പത്ത് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ. ദയാനന്ദൻ(പ്രസിഡന്റ്), സനൽകുമാർ(വൈസ് പ്രസിഡന്റ്), എൻ. സജികുമാർ (സെക്രട്ടറി), സുന്ദരേശൻ(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.