park
കൊല്ലം ലിങ്ക് റോഡിനു സമീപത്തെ പുനർജനി പാർക്ക്‌

# പ്രഖ്യാപനം ഇന്ന് കൗൺസിൽ യോഗത്തിൽ

കൊല്ലം: മഹാകവി കുമാരനാശാന് കൊല്ലം കോർപ്പറേഷൻ മുൻകൈയെടുത്ത് നിർമ്മിക്കുന്ന സ്മാരകം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം ഉയരും. ഇതിനു മുന്നോടിയായി ലിങ്ക് റോഡിൽ കോർപ്പറേഷൻ വക 'പുനർജ്ജനി പാർക്ക് ' മഹാകവി കുമാരനാശാൻ പാർക്കെന്ന് പുനർ നാമകരണം ചെയ്യും. ഇന്ന് ചേരുന്ന കോ‌‌ർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. കൊല്ലത്തെ പൊതുസമൂഹത്തിന്റെ അഭിലാഷത്തിനുസരിച്ച് ഉചിതമായ സ്മാരകം നിർമ്മിക്കാൻ നേരത്തെ കോർപ്പറേഷൻ കൗൺസിൽ തീരുമാനിക്കുകയും പ്രതിമ നിർമ്മിക്കാൻ ഏഴു ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടേക്കറിലധികം സ്ഥലത്തായി പുനർജ്ജനി പാർക്ക് വികസനത്തിന് സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ 3.5കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. മഹാകവി കുമാരനാശാൻ പാർക്കായി മാറുന്ന ഇവിടെ കോർപ്പറേഷൻ ആശാന്റെ പൂർണകായ പ്രതിമ സ്ഥാപിക്കും. പ്രശസ്തനായ ശില്പിയെ ചുമതലപ്പെടുത്തും.

ആധുനിക കവിത്രയങ്ങളിൽ അഗ്രഗണ്യനായ കുമാരനാശാൻ 1924 ജനുവരി 16ന് രാത്രി കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നാണ് ആലപ്പുഴയിലേക്ക് യാത്ര തിരിച്ചത്. ആ യാത്രയിൽ പുലർച്ചെ പല്ലനയിൽ ബോട്ട് മുങ്ങിയാണ് അന്ത്യം സംഭവിക്കുന്നത്. ആശാൻ യാത്ര ആരംഭിച്ച കൊല്ലം ബോട്ട്ജെട്ടിക്ക് സമീപം സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്.

കൂടുതൽ തുക അനുവദിക്കും: മേയർ

കുമാരനാശാൻ സ്മാരക നിർമ്മാണത്തിനായി കൂടുതൽ തുക കോർപ്പറേഷൻ വകയിരുത്തുമെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. സ്മാരകത്തോടനുബന്ധിച്ച് ഓപ്പൺ ആഡിറ്റോറിയം, ആശാന്റെ ജീവചരിത്രവും കൃതികളെക്കുറിച്ചും ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും വിധം പവലിയൻ നിർമ്മാണം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. പ്രതിമ നിർമ്മാണത്തിനായി ശില്പിയെ ഉടൻ കണ്ടെത്തി ചുമതല ഏൽപ്പിക്കും.

വിവേകാനന്ദ സ്മാരക

മാതൃകയിൽ വേണം:

തോന്നയ്ക്കൽ പീതാംബരൻ

കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന്റെ മാതൃകയിൽ അഷ്ടമുടിക്കായലിൽ ആശാൻ സ്മാരകം നിർമ്മിക്കണമെന്ന് പ്രശസ്ത കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ പറഞ്ഞു. വിവേകാനന്ദ സ്മാരകം കഴിഞ്ഞാൽ ആ മാതൃകയിലുള്ള രണ്ടാമത്തെ സ്മാരകമായി കൊല്ലത്തെ ആശാൻ സ്മാരകം മാറണം. കായൽ മദ്ധ്യത്ത് സ്മാരകം നിർമ്മിച്ച് ആശാന്റെ മഹത്വം ലോകം മുഴുവൻ അറിയിക്കണം. വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാക്കി കൊല്ലത്തെ മാറ്റാനും കഴിയും. ആശാനോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.