പുനലൂർ: കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുകയും സാമൂഹിക,സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്ന കരിക്കത്തിൽ പ്രസേനൻെറ വേർപാട് പുനലൂരിന് കനത്ത നഷ്ടമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുസ്മരിച്ചു. കരിക്കത്തിൽ പ്രസേനന്റെ നിര്യാണത്തിൽ അനുശോചിച്ച് പുനലൂരിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയ രാഷ്ട്രീയത്തിലൂടെയും നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൂടെയും ഐക്യജനാധിപത്യ മുന്നണിയുടെ പുനലൂർ നിയോജക മണ്ഡലത്തിന്റെ അമരക്കാരനായ പ്രസേനൻ കഴിഞ്ഞ രണ്ട് പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെയും ചുക്കാൻ പിടിച്ച് സത്യസന്ധതയോടെയുളള പ്രവർത്തനങ്ങളാണ് കാഴ്ച വച്ചതെന്നും എം.പി അനുസ്മരിച്ചു.
നെൽസെൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, കെ.പി.സി.സി ഉപാദ്ധ്യക്ഷൻ ഭാരതീപുരം ശശി, സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ധർമ്മരാജൻ, പുനലൂർ മധു, ഷനവാസ്ഖാൻ, സി. മോഹനൻ പിളള, ബെന്നി കക്കാട്, അറയ്ക്കൽ ബാലകൃഷ്ണ പിള്ള, സി.ആർ. നജീബ്, എം.എ. രാജഗോപാൽ, സി. രാധാമണി, ഉറുകുന്ന് കെ. ശശിധരൻ, അഞ്ചൽ സോമൻ തുടങ്ങിയവർ സംസാരിച്ചു.
പുനലൂർ എൻ.എസ്.എസ് കരയോഗം ഓഫീസ്, വെട്ടിപ്പുഴയിലെ രാജീവ് ഭവൻ, നഗരസഭാ കാര്യാലയം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.