padamilam

ഓച്ചിറ: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ ഉൾപ്പെട്ട ഓണാട്ടുകരയിലെ മണ്ഡലകാല മഹോത്സവത്തിന് തുടക്കം കുറിക്കുന്ന ഓച്ചിറ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ പടനിലത്ത് അതിവേഗം പുരോഗമിക്കുന്നു.

ഭക്തജനങ്ങൾക്ക് ഭജനം പാർക്കാൻ ആയിരത്തോളം പർണ്ണശാലകളാണ് ഒരുക്കുന്നത്. രജിസ്‌ട്രേഷൻ തുടങ്ങി ദിവസങ്ങൾക്കുള്ളിൽതന്നെ അറുന്നൂറിലേറെ കുടിലുകൾ ബുക്കുചെയ്തുകഴിഞ്ഞു. ഈ മാസം പത്തു വരെയാണ് രജിസ്‌ട്രേഷൻ.

പ്രദർശന -വില്പന ശാലകളുടെയും, വിനോദ -വിജ്ഞാന കേന്ദ്രങ്ങളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. ചെറുതും വലുതുമായ നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങളാണ് ഇതിനകം സ്ഥാനം പിടിച്ചത്. കച്ചവടസ്ഥലങ്ങളുടെ ലേലം പൂർത്തിയായിട്ടില്ല.

ചൂനാട് മുതൽ ചൈന വരെയുള്ള തദ്ദേശീയവും, വൈദേശികവുമായ ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വൃശ്ചികോത്സവത്തോട് അനുബന്ധിച്ചു ഓച്ചിറയിൽ വില്പനയ്‌ക്കെത്തുന്നത്. കൊല്ലം ജില്ലാ ജഡ്ജി പഞ്ചാപകേശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇൻസിനറേറ്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഉത്സവനഗരിയെ സമ്പൂർണ പ്ലാസ്റ്റിക് നിരോധന മേഖലയാക്കുവാനും, ഭജനം പാർക്കുന്ന ഭക്തജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം സൗജന്യമാക്കുവാനും ഭരണസമിതി ശ്രമിക്കുന്നുണ്ട്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് തുടങ്ങി സർക്കാർ സംവിധാനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സുരക്ഷയാണ് ക്രമീകരിക്കുന്നത്
പന്ത്രണ്ട് ദിവസങ്ങളിലായി പത്തുപൊതുസമ്മേളനങ്ങളാണ് നടക്കുന്നത്. മന്ത്രിമാർ, മത-സമുദായ നേതാക്കൾ, സാംസ്കാരിക നായകന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും
ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ പ്രൊഫ. ശ്രീധരൻപിള്ള, സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ. ഡി പദ്മകുമാർ, ട്രഷറർ എം. ആർ. വിമൽഡാനി തുടങ്ങിയ ഭാരവാഹികളാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.