കരുനാഗപ്പള്ളി: ചവറ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം നവംബർ 8,11,12,13 തീയതികളിൽ പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉപജില്ലാ പരിധിയിൽ വരുന്ന 6 പഞ്ചായത്തുകളിലെ 65 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
പ്രധാന വേദി കൂടാതെ പന്മന മനയിൽ എൽ.പി.എസ്, പന്മന ആശ്രമം, കെ.എം .എസ് ഓഡിറ്റോറിയം ഉൾപ്പെടെ 7വേദികളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. 8ന് രചനാ മത്സരങ്ങളും 11 മുതൽ 13 വരെ കലാമത്സരങ്ങളും നടക്കും. 8ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എൻ. വിജയൻ പിള്ള എം.എൽ.എ നിർവഹിക്കും. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി അദ്ധ്യക്ഷത വഹിക്കും. പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദ തീർത്ഥപാദർ കലാദീപം തെളിയിക്കുന്ന ചടങ്ങിൽ സിനി ആർട്ടിസ്റ്റ് കരുനാഗപ്പള്ളി ജയൻ പങ്കെടുക്കും. ഉപജില്ലാ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.
13ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എൻകെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാമണി മുഖ്യപ്രഭാഷണവും ദക്ഷിണ മേഖലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് സമ്മാനദാനവും നിർവ്വഹിക്കും. എ.ഇ.ഒ എൽ. മിനി, പബ്ലിസിറ്റി ചെയർമാൻ ആർ. രവി, കൺവീനർ എസ്. വരുൺലാൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിൻസി റീന തോമസ്, പൊന്മന നിഷാന്ത് , എ.കെ. ആനന്ദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.