കൊല്ലം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നെടുമ്പന പഞ്ചായത്ത് തരിശുരഹിതമാകുന്നു. പദ്ധതിയുടെ ഭാഗമായി മരുതൂർ - നെടുമ്പന നോർത്ത് ഏലായിൽ ആരംഭിക്കുന്ന നെൽകൃഷി വികസന പരിപാടിയുടെ ഞാറുനടീൽ ഉത്സവം ഹരിത കേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. നെടുമ്പന പഞ്ചായത്തും സഹകരണ ബാങ്കും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിയോഗ്യമായ നെൽപ്പാടങ്ങളിൽ സഹകരണ ബാങ്ക്, കുടുംബശ്രീ, എം.കെ.എസ്.പി എന്നിവരുടെ സഹകരണത്തോടെ കൃഷി ചെയ്യുവാനാണ് ലക്ഷ്യമിടുന്നത്. മരുതൂർ - നെടുമ്പന നോർത്ത് മേഖലയിൽ പതിനഞ്ച് വർഷമായി തരിശുകിടക്കുന്ന 20 ഹെക്ടർ സ്ഥലമാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുക.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷംന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ. മൻസൂർ, കെ. ഉഷാകുമാരി, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് തുടങ്ങിയവർ പങ്കെടുത്തു.