azees
പി.​എ.​ ​അ​സീ​സ് ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കൊല്ലം: തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം തോൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കൊല്ലൂർവിള സഹകരണ ബാങ്ക് ഹാളിൽ പി.എ. അസീസിന്റെ നാല്പതാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ കാലത്ത് കോൺഗ്രസിനെ നയിച്ച നേതാവായിരുന്നു പി. എ അസീസെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. മികച്ച ട്രേഡ് യൂണിയൻ നേതാവ്, സഹകാരി, കോൺഗ്രസ് നേതാവ്, കായികതാരം എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിലെ ചേരിപ്പോരിനെ വേണുഗോപാൽ വിമർശിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില യോഗങ്ങൾ നടക്കുന്നതിന്റെ മണമടിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണോയെന്ന് ഹൈക്കാമാൻഡാണ് തീരുമാനിക്കേണ്ടത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അവർക്ക് തന്നെ വിട്ടുകൊടുക്കണം. പരമാവധി മത്സരം ഒഴിവാക്കാൻ കൂട്ടായി ശ്രമിക്കണം. അഥവാ മത്സരം നടന്നാലും അത് യൂത്ത് കോൺഗ്രസിന് നല്ല പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാൻ വേണ്ടിയാകണം. കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ ചുവരില്ലാതെ ചിത്രം വരയ്ക്കാൻ കഴിയില്ല. ഗ്രൂപ്പ് മതിയെന്നാണ് ചിലരുടെ വിചാരം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കണമോയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ തീരുമാനിക്കണം. ഒരു തിരഞ്ഞെടുപ്പിലെ അനുകൂലമായ ഘടകങ്ങൾ എക്കാലത്തും നിലനിൽക്കണമെന്നില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒന്നൊഴികെ എല്ലാ സീറ്റിലും പരാജയപ്പെട്ട എൽ.ഡി.എഫ് കോന്നിയിലും വട്ടിയൂർക്കാവിലും വിജയിച്ചത് അതാണ് സൂചിപ്പിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയിച്ചു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരം നഷ്ടമായതും ഇതാണ് വ്യക്തമാക്കുന്നത്.

പി.എ. അസീസ് സ്മാരക സമിതി പ്രസിഡന്റ് എ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന നിർദ്ധന വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകൾ കെ.സി. ജോസഫ് എം.എൽ.എ വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ. സി. രാജൻ, എൻ. അഴകേശൻ, എ. ഹിദൂർ മുഹമ്മദ്, ജി. പ്രതാപവർമ്മ തമ്പാൻ, പ്രൊഫ. ഇ. മേരിദാസൻ തുടങ്ങിയവരും സംസാരിച്ചു. സമിതി സെക്രട്ടറി നാസർ അസീസ് സ്വാഗതവും എ. ബദറുദ്ദീൻ നന്ദിയും പറഞ്ഞു.