കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു
കൊല്ലം: കൊട്ടിയം ജംഗ്ഷനിലെ നടപ്പാതകൾ പൂർണമായും വാഹനങ്ങൾ കൈയേറിയതോടെ കാൽനടയ്ക്ക് ഇടമില്ലാതെ വലയുകയാണ് യാത്രക്കാർ. വേറെ വഴിയില്ലാതെ കാൽയാത്രക്കാർ റോഡിലൂടെ നടക്കുന്നത് അപകടങ്ങളും ക്ഷണിച്ചു വരുത്തുകയാണ്.
കൊട്ടിയത്ത് പാർക്കിംഗ് കേന്ദ്രം ഇല്ലാത്തതിനാൽ ജംഗ്ഷനിലെ നടപ്പാതകളിലാണ് വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഓട്ടോ, ടാക്സി സ്റ്റാൻഡുകളും നടപ്പാതകളിലാണ്. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയിടങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകാനുമായി ആയിരങ്ങളാണ് ഓരോ ദിവസവും കൊട്ടിയത്തെത്തുന്നത്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് നടക്കാൻ ഇരിഞ്ച് സ്ഥലം പോലും ഉണ്ടാകില്ല. ദേശീയപാതയ്ക്ക് പുറമെ കണ്ണനല്ലൂർ, മയ്യനാട് റോഡുകളിലെ സ്ഥിതിയും സമാനമാണ്. ഓട്ടോ, ടാക്സി സ്റ്റാൻഡുകൾക്ക് പ്രത്യേക ഇടം കണ്ടെത്തി മാറ്റി സ്ഥാപിക്കണമെന്നും പാർക്കിംഗ് കേന്ദ്രം സജ്ജമാക്കണമെന്നും പ്രദേശവാസികളും യാത്രക്കാരും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കേട്ട ലക്ഷണം പോലും കാണിക്കുന്നില്ല.
റോഡ് മുറിച്ചുകടക്കാൻ നടപ്പാലം അത്യാവശ്യം
വാഹനങ്ങളുടെ തിക്കും തിരക്കും അനധികൃത പാർക്കിംഗും കാരണം റോഡ് മുറിച്ച് കടക്കുന്നത് കൊട്ടിയം ജംഗ്ഷനിൽ ഏറെ പ്രയാസമാണ്. പ്രായമേറിയവരും കുട്ടികളുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടങ്ങളും ഇവിടെ പതിവാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ജംഗ്ഷനിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ദേശീയപാതയ്ക്ക് കുറുകെ നടപ്പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
'' കൊട്ടിയം ജംഗ്ഷനിലെ അനധികൃത പാർക്കിംഗ് കാരണം കാൽനട, വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മയ്യനാട് റോഡിന് വീതി തീരെക്കുറവാണ്. ഒരുവാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ജംഗ്ഷനോട് ചേർന്നുള്ള സ്ഥലത്തുള്ളു. ഇരുദിശകളിലേക്കുമായി രണ്ട് വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് കാൽനടയാത്രക്കാർ മാറിനിൽക്കേണ്ട അവസ്ഥയാണ്. തിരക്കിട്ട് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ പലപ്പോഴും അപകടത്തിൽപ്പെടുകയാണ്. പ്രായമേറിയവർ കൊട്ടിയം ജംഗ്ഷനിൽ വരുന്നത് തന്നെ ഒഴിവാക്കുകയാണ്.''
എസ്. സജു (എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ കൊട്ടിയം ശാഖാ സെക്രട്ടറി)