kooor
kovoor kunjumon

കൊല്ലം : ജില്ലയിൽ നടത്തുന്ന കല്ലട ജലോത്സവം ഉൾപ്പടെ പ്രാദേശിക വള്ളംകളികൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ ചാമ്പ്യൻസ് ബോട്ട് ലീഗിനോടനുബന്ധിച്ച് നടത്തുന്ന കല്ലട ജലോത്സവത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ ആർ ഡി ഒ അനുപം മിശ്രയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. നവംബർ 16ന് നടക്കുന്ന കല്ലട ജലോത്സവം ആകർഷകമാക്കാൻ കൊല്ലത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന പരിപാടികൾ സംഘടിപ്പിക്കണം. ഇരുട്ടുകുത്തി-വെപ്പ് വിഭാഗങ്ങളിലായി പ്രാദേശിക മത്സരങ്ങളും നടത്തുന്നുണ്ട്. ബോട്ട് ക്ലബുകൾ ഒഴികെ മറ്റൊരു തലത്തിലും പണപ്പിരിവ് പാടില്ല എന്ന് നിർദേശിച്ചു. പൂർണമായും ഹരിതചട്ടം പാലിച്ചാകും സംഘാടനം.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ പൊലിസിന് പ്രത്യേക നിർദേശം നൽകി. ഏകോപനത്തിനായി എം എൽ എ ചെയർമാനും ജില്ലാ കലക്ടർ ജനറൽ കൺവീനറും ഡി ടി പി സി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ കൺവീനർമാരുമായി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. മേഖലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളേയും ഉൾപ്പെടുത്തി. പ്രാദേശിക സംഘാടക സമിതി രൂപീകരിക്കുന്നതിനായി നാളെ (നവംബർ 8) മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്തിൽ യോഗം ചേരും.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, വൈസ് പ്രസിഡന്റ് കെ കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു കരുണാകരൻ, ജെ ശുഭ, യമുനാ ഷാഫി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.