inc
കരിക്കത്തിൽ പ്രസേനന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ,ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ യു.‌ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കുന്നു

പുനലൂർ: ദീർഘകാലം പൊതുജീവിതത്തിൽ തിളങ്ങിനിന്ന ജനനേതാവ് കരിക്കത്തിൽ പ്രസേനൻ ഓർമ്മയായി.

സാധാരണക്കാരുടെ പ്രശ്നങ്ങളിൽ

കക്ഷി രാഷ്ട്രീയത്തിനതീതമായി

ഇടപെട്ട് പരിഹാരം കാണാൻ കഴിഞ്ഞിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു കോൺഗ്രസ് നേതാവായ കരിക്കത്തിൽ പ്രസേനൻ.എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളോടും പ്രവർത്തകരോടും സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹത്തിന് ശത്രുക്കൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പുനലൂരിന്റെ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു.

കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമായ പ്രസേനൻ കെ.എസ്.യുവിന്റെ പത്തനാപുരം താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് , കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ തിളങ്ങി. ട്രേഡ് യൂണിയൻ രംഗത്തായിരുന്നു സജീവ സാന്നിദ്ധ്യം. കെ.പി.സി.സി നിർവാഹക സമിതി അംഗമായും പാർട്ടിയെ നയിച്ചു.

സമുദായത്തിലെ പാവപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ എൻ. എസ്. എസിലേക്ക് ആകർഷിച്ചത്. പത്തനാപുരം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

17വർഷത്തോളം പുനലൂർ നഗരസഭയുടെ കൗൺസിലറായിരുന്ന അദ്ദേഹം 2000-2005 കാലഘട്ടത്തിൽ വൈസ് ചെയർമാനായി.ഈ സമയത്താണ് അടച്ചു പൂട്ടിയിട്ടിരുന്ന പുനലൂരിലെ തൂക്ക് പാലം നവീകരിച്ച് മോടി പിടിപ്പിച്ചത്. അന്നത്തെ പുരാവസ്തു വകുപ്പു മന്ത്രിയെ നേരിൽ കണ്ട് വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൂക്ക് പാലം നവീകരിക്കാൻ 35ലക്ഷം രൂപയാണ് അനുവദിച്ചത്. പുനലൂരിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസേനൻ പാതയോരങ്ങളിലെ ചെറുകിട കച്ചവടക്കാരെ മുഴുവൻ ഒഴുപ്പിച്ചു. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിൽ പുതിയ കെട്ടിടം പണിയിച്ച് കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകി. അദ്ദേഹത്തെ വ്യാപാരി സമൂഹം എന്നും ആദരവോടെയാണ് കാണുന്നത്.ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാ പൊതുവേദികളിലും എത്തിയിരുന്നു പ്രസേനൻ. ഘടകകക്ഷികൾക്കെല്ലാം സ്വീകാര്യനായ അദ്ദേഹം യു.ഡി.എഫ് പുനലൂർ നിയോജകമണ്ഡലം ചെയർമാനായിരിക്കെയാണ് വിട പറഞ്ഞത്.

വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ പൊതുദർശനത്തിനു വച്ച വേദികളിലും വീട്ടിലും എത്തിയത്. കെ. പി. സി.സി മുൻ പ്രസിഡന്റുമാരായ വി. എം. സുധീരൻ, എം. എം. ഹസൻ, ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ, കെ. സി. രാജൻ, പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, എസ്. എൻ. ഡി. പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി. കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ് അടക്കം ഒട്ടേറെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

എൻ. എസ്. എസ് കരയോഗം ഓഫീസ്, പാർട്ടി ഓഫീസായ രാജീവ് ഭവൻ, നഗരസഭാ കാര്യാലയം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാര ചടങ്ങിനായി ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുപോയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകുന്നേരം വീട്ടിൽ സന്ദർശനം നടത്തി.