photo
പിടിയിലായ മനു

കരുനാഗപ്പള്ളി: വ്യാപാരിയെ ആക്രമിച്ച ശേഷം പണം കവരാൻ ശ്രമിച്ച രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിൽ. തൊടിയൂർ മനു ഭവനത്തിൽ മനു (22), തൊടിയൂർ ആർ.കെ.ഭവനത്തിൽ രാഹുൽ(20) എന്നിവരെയാണ് മാരാരിത്തോട്ടത്തിന് സമീപത്തു നിന്ന് അറസ്റ്റു ചെയ്തത്. തൊടിയൂർ കല്ലേലിഭാഗം സ്വദേശി ഷാജിമോനെയാണ് തിങ്കളാഴ്ച രാത്രി 11മണിയോടെ വീടിന്റെ മുന്നിലുള്ള ഗേറ്റിന് സമീപത്തുവച്ച് ഇവർ ആക്രമിച്ചത്.

പരവൂരിൽ ബിസിനസ് നടത്തുന്ന ഷാജിമോൻ മംഗലാപുരം എക്സ്‌പ്രസ് ട്രെയിനിൽ കരുനാഗപ്പള്ളിയിൽ എത്തിയ ശേഷം ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിന്റെ മുന്നിലെത്തി.ഡ്രൈവർക്ക് കൂലി നൽകിയ ശേഷം വീടിന്റെ ഗേറ്ര് തുറക്കാൻ ശ്രമിച്ചപ്പോൾ രണ്ട് യുവാക്കൾ ഓടി വന്ന് ഷാജിമോനെ അടിച്ചിട്ട ശേഷം ബാഗ് തട്ടിപ്പറിക്കാൻ ശ്രമിച്ചു.

ബഹളം കേട്ട് തിരികെ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ ഷാജഹാനേയും യുവാക്കൾ മർദ്ദിച്ചു. സമീപത്തെ വെയർഹൗസിംഗ് കോർപ്പറേഷനിലെ ജീവനക്കാർ ഓടി എത്തിയപ്പോഴേക്കും അക്രമികൾ ഇരുളിൽ ഓടിമറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.

ഷാജിമോന്റെ മൊബൈൽ ഫോൺ മോഷ്ടാക്കളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഷാജിമോന്റെ ബാഗിൽ 99500 രൂപ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു. സി.ഐ മഞ്ജുലാൽ, എസ്.ഐ. ശ്യാംലാൽ, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ രാത്രിയിൽ തന്നെ അറസ്റ്റു ചെയ്തത്.