കൊല്ലം: വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി പിടിയിൽ. കുണ്ടറ മുളവന കോട്ടപ്പുറം സുനീഷ ഭവനിൽ സുനിലിനെ (പൈലി, 43) ആണ് കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തത്. കിഴക്കേകല്ലട രണ്ട് റോഡ് സ്വദേശിയായ പ്ലാസിഡിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ 23ന് രാത്രിയിൽ അഞ്ച് പവന്റെ മാലയും 8000 രൂപയും പ്രതി കവർന്നത്. കിഴക്കേകല്ലട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയെപ്പറ്റി സൂചനകൾ ലഭിച്ചത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് സുനിൽ പ്ളാസിഡിന്റെ വീട്ടിൽ വന്നിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ അന്വേഷണം.
23ന് ശേഷം ഒരു അംബാസഡർ കാർ, ഭാര്യക്കായി ഒന്നര പവന്റെ മാല എന്നിവ സുനിൽ വാങ്ങിയതായി കണ്ടെത്തി. പ്രതി സുനിലാണെന്ന് ഉറപ്പിച്ച ശേഷം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിളക്കുപാറയിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച മാല സുനിൽ വിൽപ്പന നടത്തിയത് പൊലീസ് കണ്ടെടുത്തു. കാറും ഭാര്യയ്ക്കായി വാങ്ങിയ മാലയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
2013ൽ പുനലൂരിൽ മദ്ധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സുനിൽ ഒളിവിൽ കഴിഞ്ഞിരുന്നതാണ്. നേരത്തെ പുനലൂരിൽ പാർട്ടി ഓഫീസ് കത്തിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. കിഴക്കേകല്ലട സി.ഐ. ശാന്തകുമാർ, അഡിഷണൽ എസ്.ഐ വിജയകുമാർ, എ.എസ്.ഐ ശരത് ചന്ദ്രൻ, എസ്.സി.പിഒമാരായ ലൂക്കോസ്, മധുക്കുട്ടൻ, ഗിരിജകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.