പാരിപ്പള്ളി: കല്ലുവാതുക്കൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷക്കാലം നീളുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി. ബാങ്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബാങ്ക് പ്രസിഡന്റ് വി. ഗണേശ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ഇടപാടുകാർക്ക് പെൻഷൻ, ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾ, പാരിപ്പള്ളി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ആധുനിക ലബോറട്ടറി സംവിധാനം ഒരുക്കൽ, മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ ശാഖ, നെല്ല് ഉൽപ്പാദിപ്പിച്ച് ബ്രാന്റ് അരി വില്പന തുടങ്ങിയ നിരവധി പദ്ധതികളാണ് നവതി ആഘോഷത്തോനുബന്ധിച്ച് നടപ്പാക്കുന്നത്. കൂടാതെ സാമൂഹ്യസുരക്ഷാപെൻഷൻ, ചികിത്സാസഹായവിതരണം, കുറഞ്ഞ ചെലവിൽ മരുന്ന് വിതരണം, വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഗണേശ് അറിയിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗം പുരുഷോത്തമ കുറുപ്പ്, സുധീർ കുമാർ, രാജവല്ലി, രാധാകൃഷ്ണൻ, പ്രമോദ്, രാകേഷ്, രാജു കൃഷ്ണൻ, സെക്രട്ടറി രാജി എന്നിവർ പങ്കെടുത്തു.