കുണ്ടറ: കുമ്പളത്ത് വീടിന്റെ വാതിൽ തകർത്ത് കയറി ഇരുപത്തിരണ്ട് പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച സഹോദരങ്ങളായ പ്രതികൾ പിടിയിൽ. കുമ്പളത്ത് ക്ലീറ്റസിന്റെ മേരിവിലാസം വീട്ടിലാണ് മോഷണം നടത്തിയത്. കുമ്പളം പാവട്ടുംമൂല സൈജു ഭവനിൽ സൈജു (28) സൈജുവിന്റെ സഹോദരൻ അനീഷ് (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് വൈകിട്ട് ആറിനും രാത്രി എട്ടിനുമിടയ്ക്കായിരുന്നു മോഷണം.കുമ്പളം പള്ളി പെരുനാളിൽ പങ്കെടുക്കാനായി ക്ലീറ്റസ് വീട് പൂട്ടി പോയിരുന്നു. വീടിനുപിൻവശത്തെ ഗ്രില്ലിൽ പിടിച്ചുകയറി രണ്ടാംനിലയിലെ വാതിൽ കുത്തിത്തുറന്ന് കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും സ്വർണനാണയങ്ങളുമാണ് മോഷ്ടിച്ചത്.
പണയം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മോഷണമുതൽ ഇവർ വീടിനുസമീപം കുഴിച്ചിട്ടിരുന്നു. ഒരുനാണയം കുണ്ടറയിലെ സ്ഥാപനത്തിൽ പണയംവച്ചു. ഇതാണ് പ്രതികളെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്. കുഴിച്ചിട്ടുരുന്ന സ്വർണം പൊലിസ് കണ്ടെടുത്തു. മോഷ്ടാക്കളെ പിടികൂടാൻ റൂറൽ എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഡിവൈ.എസ്.പി നാസറുദ്ദീർ, കുണ്ടറ എസ്.എച്ച്.ഒ ബിജു ആർ.എസ്, എസ്.ഐ. വിദ്യാധിരാജ്, എ.എസ്.ഐമാരായ രാജീവ്. ജി, കെ, വൈ. ജോൺസൺ, താജുദ്ദീൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.