v
മദ്യപസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ച എ.എസ്.ഐക്ക് വെട്ടേറ്റു

കൊല്ലം: മദ്യപസംഘങ്ങൾ തമ്മിലുള്ള സംഘർഷം തടയുന്നതിനിടെ എ.എസ്.ഐയുടെ കാലിന് വെട്ടേറ്റു. കൊല്ലം സിറ്റി കൺട്രോൾ റൂം എ.എസ്.ഐ എൻ.എ കലാമിനാണ് (50) വെട്ടേറ്റത്.

ബുധനാഴ്ച രാത്രി 12 ഓടെ പുന്തലത്താഴം പൗർണമി ആഡിറ്റോറിയത്തിന് മുന്നിലെ റോഡിലായിരുന്നു സംഭവം. ഇരു വിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ കിളികൊല്ലൂർ പൊലീസിനെ സഹായിക്കാനാണ് എൻ.എ കലാമിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം സംഘം എത്തിയത്. സോഡാക്കുപ്പി കൊണ്ട് യുവാക്കളെ ആക്രമിച്ച രണ്ട് പ്രതികളെ ആളുകൾ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പ്രതികളെ മോചിപ്പിച്ച് ജീപ്പിൽ കയറ്റുന്നതിനിടെയാണ് എ.എസ്.ഐക്ക് വെട്ടേറ്റത്. ആരാണ് വെട്ടിയതെന്ന് വ്യക്തമായിട്ടില്ല. കണ്ടലറിയാവുന്ന 20 പേർക്കെതിരെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വധശ്രമത്തിനും കേസെടുത്തു. കാലിൽ രണ്ടിടത്ത് വെട്ടേറ്റ എൻ.എ. കലാം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാക്കളെ അക്രമിച്ച കേസിൽ പേരൂർ ഗോപിക സദനം സ്കൂളിന് സമീപം താമസിക്കുന്ന സായി ജ്യോതിയെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി ജോജോ എ.എസ്.ഐക്ക് വെട്ടേറ്റതിനെ തുടർന്നുണ്ടായ ബഹളത്തിനിടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 9ഓടെ പുന്തലത്താഴം ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് പൗർണമി ആഡിറ്റോറിയത്തിന് സമീപം ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. ആദ്യസംഘർഷത്തിൽ ഉൾപ്പെട്ടവരെ പൊലീസെത്തിയാണ് പിരിച്ചുവിട്ടത്.