sndp
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ നടന്ന ആർ. ശങ്കർ അനുസ്മരണം കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത് ആർ. ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണെന്ന് കേന്ദ്ര സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ. ജയപ്രസാദ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 53 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി സ്കൂളുകളും അനുവദിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. സർക്കാർ-എയ്ഡഡ് മേഖലകളിൽ ആർ. ശങ്കർ നിരവധി കോളേജുകൾ അനുവദിച്ചതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവന്റെ വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്ന സന്ദേശം പ്രവൃത്തിപഥത്തിലെത്തിയത്. ആർ. ശങ്കറിന്റെ കാലഘട്ടത്തിന് മുമ്പോ അതിന് ശേഷമോ ഇത്രയും കോളേജുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒരു സർക്കാരും സ്ഥാപിച്ചിട്ടില്ല. പിന്നാക്ക ദളിത്‌ വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാക്കിയത് ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിൽ എയ്ഡഡ് മേഖലയിൽ കോളേജുകൾ ആരംഭിച്ചതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ബി. സജൻലാൽ, തഴുത്തല എൻ. രാജു, വനിതാസംഘം ഭാരവാഹികളായ ശോഭന ശിവാനന്ദൻ, ബീനാ പ്രശാന്ത്, യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികളായ കെ. സുജയ്‌കുമാർ, അഡ്വ. കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.